തിരുവനന്തപുരം: അഗസ്‌ത്യാകൂടത്തിൽ സന്ദർശനം നടത്തുന്ന ആദ്യ വനിതയെന്ന് ചരിത്രം ഇനി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്‌ടറായ ധന്യ സനലിന് സ്വന്തം. ഇന്നലെ രാവിലെ 11.30ഓടെ അഗസ്‌ത്യാർകൂട യാത്ര ധന്യ അടങ്ങിയ ആദ്യ സംഘം പൂർത്തിയാക്കി. ബേസ് ക്യാമ്പായ അതിരുമലയിൽ കഴിഞ്ഞദിവസം സംഘം ഇന്നലെ രാവിലെ ഏഴോടൊണ് മലകയറ്റം തുടങ്ങിയത്. ചെങ്കുത്തായ പാറകളും ദുർഘടമായ കാട്ടുവഴികളും താണ്ടി 6 കിലോമീറ്റർ പിന്നെയും ഉയരത്തിലേക്ക് നടന്നുകയറി. നാലര മണിക്കൂറുകൊണ്ടാണ് ധന്യ ഉൾപ്പെട്ട 20 അംഗ സംഘം മുകളിലെത്തിയത്. നേട്ടം അവിസ്‌മരണീയം, ഒപ്പം നിന്നവർക്ക് നന്ദി - ധന്യ പറഞ്ഞു. വൈകിട്ടോടെ തിരികെ ബേസ് ക്യാമ്പിൽ തിരിച്ചെത്തിയ സംഘം രാത്രി അവിടെ തങ്ങും. ഇന്ന് അതിരാവിലെ തന്നെ മലയിറങ്ങാനാണ് തീരുമാനം. കാടിനെയും കാടിന്റെ അനുഭവങ്ങളെയും അടുത്തറിയുകയാണ് ഈ യാത്രയുടെ ലക്ഷ്യമെന്നും ഇത് സാധിച്ചെന്നും ധന്യസനൽ പറഞ്ഞു. മലപ്പുറം മഞ്ചേരി സ്വദേശിയും നഴ്‌സിംഗ് ബിരുദധാരിയുമായ ധന്യ സനൽ 2012ലാണ് ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ജോലി തുടങ്ങിയത്. അഗസ്‌ത്യാർകൂടത്തിലെ സ്ത്രീപ്രവേശനത്തിനെതിരെ ക്ഷേത്രകാണിക്കാർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. തിങ്കളാഴ്ച 200 ഓളം പേർ ബോണക്കാട്ട് ഗോത്രാചാര സംരക്ഷണയജ്ഞം നടത്തിയിരുന്നു. മറ്റന്നാൾ പുറപ്പെടുന്ന സംഘത്തിലും മൂന്ന് വനിതകളുണ്ട്. ആകെ 100 വനിതകളാണ് അഗസ്‌ത്യാർകൂട യാത്രയ്ക്ക് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.