lenin-

ലെനിൻ രാജേന്ദ്രൻ മഹാനിദ്ര‌യിലേക്ക് പോയി. ഇത്ര വേഗമോ യാത്ര എന്ന വിഷാദം ഒഴിയുന്നില്ല. ഏതു വലിയ കലാകാരനും രംഗമൊഴിയണമല്ലോ. തിരശ്ശീല വീണാലും അകമേ ധ്വനിയായി നിറഞ്ഞു നിൽക്കുന്നവനാണ് അമരനായ കലാകാരനെങ്കിൽ, ലെനിൻ രാജേന്ദ്രൻ അതുതന്നെയാണ്.

മലയാള മനസിൽ മീനവേനലായി, മഴയായി, മകരമഞ്ഞായി, ഇടവമഴയായി, സമൂഹത്തിന്റെയും കാലങ്ങളുടെയും ഋതുഭേദങ്ങളായി സ്വയം തെളിഞ്ഞ പ്രതിഭയാണത്. ചലച്ചിത്രങ്ങളിലൂടെ ചരിത്രത്തിന്റെ അകത്തളങ്ങളിലെ നിഴൽപ്പുറ്റുകളിലേക്ക് സമൂഹ ജീവിതത്തിന്റെ അഗ്നി കുണ്ഡങ്ങളിലേക്ക് സാധാരണ മനുഷ്യനെ അദ്ദേഹം കൂട്ടിക്കൊണ്ടു പോയി. ജീവിതത്തിന്റെ സമസ്യകളെ കാട്ടിത്തന്നു. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും അനുഭവിക്കുന്ന സംഘർഷങ്ങളെ വെളിച്ചപ്പാടിനെപ്പോലെ വിളിച്ചുപറഞ്ഞു. പെൺമനസിന്റെ കരുത്തിനെയും കാതരത്വത്തിനെയും മനുഷ്യപ്രണയത്തിന്റെ മഹാസൗന്ദര്യത്തെയും കവിതയായിത്തന്നു. സംഗീതജ്ഞനും ചിത്രകാരനും മാജിക്കുകാരനുമെല്ലാം ഹൃദയമുണ്ടെന്ന് പറഞ്ഞുതന്നു. കവിതയും സംഗീതവും ചിത്രവും ശില്പവും ചരിത്രവും സാമൂഹിക ശാസ്ത്രവും രാഷ്ട്രീയ ദർശനവും മാനവികതയുടെ അഭേദ്യ ഭാഗമാണന്ന് കണ്ടറിഞ്ഞ ലെനിൻ രാജേന്ദ്രന്റെ സൃഷ്ടികളെ നമ്മുടെ സമൂഹം ഇനിയും പഠിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

കവിതയ്ക്ക് സിനിമയിൽ എന്തു ചെയ്യാനാവുമെന്ന് തെളിയിച്ച പ്രമുഖരിലൊരാളും കൂടെയാണ് ലെനിൻ. 'നീ തന്നെ ജീവിതം സന്ധ്യേ'' എന്ന അയ്യപ്പപ്പണിക്കരുടെ കവിത കലാലയ ഹൃദയങ്ങളിൽ തരംഗമുണ്ടാക്കിയത് ലെനിൻ മുഖാന്തരമാണല്ലോ. 'ഒരുവട്ടം കൂടി' എന്ന് ഏവരും ആവർത്തിച്ചതും അദ്ദേഹത്തിലൂടെയാണല്ലോ. നെയ്യാറ്റിൻകര വാസുദേവൻ എന്ന മഹാസംഗീതജ്ഞനും രാജാ രവിവർമ്മ എന്ന അമരതൂലികയും ലെനിന്റെ ചിത്രങ്ങളിൽ ഇടംനേടി. ബുദ്ധനും മാർക്സും ത്യാഗരാജനും അൽഫോൻസച്ചനും ഒരേ ജീവിതത്തിന്റെ ലാവണ്യഭേദങ്ങൾ തന്നെ. ദർശനങ്ങളെ കേവല മനുഷ്യനിലെ ജീവിത പ്രണയത്തിന്റെ വിശുദ്ധിയുമായി ഒന്നിപ്പിക്കാനുള്ള ഒരു സമന്വയ ബോധം ഈ വലിയ കലാകാരനിലുണ്ടായിരുന്നില്ലേ?

''ഇരുളിൻ മഹാനിദ്ര‌യിൽ നിന്നുണർത്തി നീ'' എന്ന കവിത ഞാനെഴുതിയത് ലെനിന്റെ നിർബന്ധപ്രകാരമാണ്. 'ദൈവത്തിന്റെ വികൃതികൾ' എന്ന എം. മുകുന്ദന്റെ നോവലിനെ ആധാരമാക്കിയുള്ള സിനിമയ്ക്കു വേണ്ടി, ആ ഘട്ടത്തിലാണ് ലെനിന്റെ 'ശ്രദ്ധ' എന്ന വിലപ്പെട്ട ഗുണത്തെപ്പറ്റി മനസിലായത്. പിന്നീട് 'കുലം' എന്ന ചിത്രത്തിനുവേണ്ടി 'അഗ്നിസത്യങ്ങൾക്കു ബലിയല്ല നീ' എന്ന കവിത, സി.വിയുടെ സുഭദ്ര‌യിലൂടെ പെൺകുലത്തെ മുഴുവനുദ്ദേശിച്ച് ഞാനെഴുതി നൽകിയപ്പോൾ ലെനിൻ പറഞ്ഞതോർക്കുന്നു: ''ഈ കവിതയുടെ ധ്വനികൾ മുഴുവൻ ചിത്രീകരിക്കാൻ പ്രയാസമാണ്' പക്ഷേ വളരെ ശ്രദ്ധവച്ച്, ചുരുങ്ങിയ ഫ്രെയിമുകളിൽ അദ്ദേഹം അത് പ്രശംസനീയമായി നിർവഹിച്ചു.

ശ്രദ്ധ, പലപ്പോഴും നിഷ്ഠകളിലേക്കും ത്യാഗങ്ങളിലേക്കും അദ്ദേഹത്തെ നയിച്ചു. മറ്റുള്ളവർ പറയുന്നതെടുക്കുകയല്ല, സ്വന്തം സൗന്ദര്യബോധ്യത്തിനൊത്തതു മാത്രം സ്വീകരിക്കുക. ആ കലാകാരൻ ചെയ്തത് അതാണ്. ഒരു വിട്ടുവീഴ്ചയുമില്ല. ആരോടും പിണക്കവുമില്ല.

സൗമ്യമായിരുന്നല്ലോ ആ ജീവിതം, അകമേ തീക്ഷ്ണമെങ്കിലും. കനൽച്ചിത്രങ്ങളിലൂടെ അദ്ദേഹം തന്നിട്ടുപോയ നന്മയുടെയും ലാവണ്യത്തിന്റെയും ഊർജം - അതു വലുതാണ്. അതിൽ ലെനിൻ രാജേന്ദ്രൻ 'നിറമുള്ള ജീവിതപ്പീലികളായി' നിൽക്കുന്നു. അർഥം തീരാത്ത കവിതപോലെ.