തിരുവനന്തപുരം: ടെക്‌നോപാർക്കിൽ അടുത്തിടെ ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഫുഡ്കോർട്ടുകൾക്കെതിരെ നടപടി. എട്ട് കടകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസും കടകൾക്ക് നൽകി. രംഗോളി, എ.ബി.സി കഫറ്റേരിയ, പാഷൻ ഫ്രൂട്ട്, ഹാർമണി, എസ്.എസ് ഹോസ്‌പിറ്റാലിറ്റി, ജ്യോതിസ്, കഫേജി എൽ.ഐ.എസ്.എ, കേക്ക്‌വേൾഡ് എന്നീ കടകളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയത്. രാവിലെ 9 മുതൽ 12 വരെയായിരുന്നു പരിശോധന. ടെക്‌നോപാർക്കിലെ നിള, കാർണിവൽ,തേജസ്വിനി, ഭവാനി എന്നീ സമുച്ചയങ്ങളിലെ 17 കടകളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ പരിസരവും പഴകിയ ഭക്ഷണ സാധനങ്ങളും കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും മേയർ അറിയിച്ചു. ഞായറാഴ്‌ച നടത്തിയ പരിശോധനയിൽ രണ്ട് കടകൾ അടപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. ഹെൽത്ത് സൂപ്പർവൈസർമാരായ അലക്‌സാണ്ടർ, അജിത്കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ബി. അനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നസീജ എന്നിവരും പങ്കെടുത്തു. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ടെക്‌നോപാർക്കിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജീവനക്കാരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചു. 78 ജീവനക്കാരെ പരിശോധിച്ചതിൽ 2 പേർക്ക് ഡയേറിയയുടെ ലക്ഷണങ്ങൾ കണ്ടെത്തി. അഡിഷണൽ ഡി.എം.ഒ ഡോ. നീനറാണിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് നടന്നത്.