തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാൻ വിഖ്യാത ചലച്ചിത്രതാരം മമ്മൂട്ടി എത്തും.
ഫെബ്രുവരി 12 നാണ് ഉത്സവത്തിന് കൊടിയേറുന്നത്. അന്ന് വൈകിട്ട് 6.30ന് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിലാണ് മമ്മൂട്ടി ഉദ്ഘാടകനായി എത്തുന്നത്. ഫെബ്രുവരി 20 നാണ് പൊങ്കാല. പൊങ്കാലയോടനുബന്ധിച്ചുള്ള കലാപരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ഒരു മെഗാ സ്റ്റാർ എത്തുന്നത് ഇതാദ്യമാണ്.
എറണാകുളത്ത് ചെറായിയിൽ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനിൽ ചെന്നു കണ്ടാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ മമ്മൂട്ടിയെ ക്ഷണിച്ചത്.
''സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീക്ഷേത്രത്തിലെ ഉത്സവപരിപാടികളുടെ ഉദ്ഘാടകനാകാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും ഉത്സവമാണ് ആറ്റുകാൽ പൊങ്കാല.''
-മമ്മൂട്ടി