തിരുവനന്തപുരം: വ്യക്തികളുടെ കമ്പ്യൂട്ടറുകളിലെ വിവരങ്ങൾ ചോർത്താനുള്ള കേന്ദ്രസർക്കാർ നീക്കം ചെറുക്കാൻ സ്വതന്ത്ര സോഫ്റ്റ് വെയർ വ്യാപനത്തിലൂടെ കഴിയുമെന്ന് സ്വതന്ത്രസോഫ്റ്റ് വെയർ സ്ഥാപകൻ റിച്ചാർഡ് സ്റ്റാൾമാൻ. സംസ്ഥാന ഐടി മിഷനു കീഴിലുള്ള ഐസിഫോസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്റ്റാൾമാൻ.
വ്യക്തികളുടെ കംപ്യൂട്ടർ വിവരങ്ങൾ ചോർത്തുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. വിൻഡോസ് പോലുള്ള നോൺഫ്രീ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സർക്കാരുകൾക്ക് അതു കഴിയും. ചെെന പോലുള്ള രാജ്യങ്ങൾ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ ഫ്രീ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നവരെ ഇത്തരത്തിൽ നിരീക്ഷിക്കാനില്ല. കാരണം ഫ്രീ സോഫ്റ്റ് വെയറിൽ ഒാരോ കമ്പ്യൂട്ടറും സ്വതന്ത്രമാണ്. അവയെ ഒരു ശൃംഖലയിലാക്കുന്ന പൊതുഘടകങ്ങൾ ഒന്നുമില്ല.
ആധാറിൽ ബയോമെട്രിക്സ് രേഖപ്പെടുത്തുന്നതും ഡി.എൻ.എ പോലുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ സുരക്ഷിതത്വത്തിന്റെ പേരിൽ സ്വകാര്യത തടയാൻ നിയമം കൊണ്ടുവരുന്നതും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരാണ്. ഏതെങ്കിലും നീതിന്യായ കോടതിയുടെ ഉത്തരവില്ലാതെ ആരുടേയും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ടാകരുത്.
മൊബൈൽ ഫോണുകളും ആൻഡ്രോയിഡ് ആപ്പുകളും നമ്മെ കൂടുതൽ അസ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന് കേരള സർക്കാർ കൂടുതൽ പ്രാമുഖ്യം നൽകുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. വിദ്യാലയങ്ങളിൽ ഫ്രീ സോഫ്റ്റ് വെയർ പഠിപ്പിക്കണമെന്നും നോൺ ഫ്രീ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ടാബ്‌ലറ്റുകൾ വിതരണം ചെയ്യരുതെന്നും റിച്ചാർഡ് സ്റ്റാൾമാൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറി എം. ശിവശങ്കർ ആമുഖ പ്രഭാഷണം നടത്തി.