parassala

പാറശാല: മകര പൊങ്കൽ ദിനമായിരുന്ന ഇന്നലെ ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ പൊങ്കൽ മഹോത്സവത്തിൽ പങ്കെടുക്കാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 5 ന് നടന്ന ഗണപതി ഹോമത്തെ തുടർന്ന് ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകൾക്കുശേഷം 7.30ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ശ്രീകോവിലിൽ നിന്ന് ക്ഷേത്ര ആനക്കൊട്ടിലിൽ ഒരുക്കിയ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെ പൊങ്കലിന് തുടക്കമായി.

തുടർന്ന് ക്ഷേത്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ ഒരുക്കിയ പൊങ്കൽ അടുപ്പുകളിലേക്കും തീ പകർന്നു. കെ. ആൻസലൻ എം.എൽ.എ, നെയ്യാറ്റിൻകര തഹസിൽദാർ മോഹൻകുമാർ, മുൻ കോളിജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടർ നന്ദകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ക്ഷേത്ര രക്ഷാധികാരി തുളസീദാസൻ നായർ, മേൽശാന്തി കുമാർ മഹേശ്വരം സെക്രട്ടറി കെ.ജി. വിഷ്ണു, ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ വേലപ്പൻ നായർ എന്നിവർക്ക് പുറമെ നിരവധി ഭക്തജനങ്ങളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ഭക്ത ജനങ്ങൾക്കായി ചെങ്കൽ ഗവ. ആശുപത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ക്യാമ്പും സ്ഥലത്ത് പ്രവർത്തിച്ചിരുന്നു. ഉച്ചപൂജ കഴിഞ്ഞ് രാവിലെ 10.30 ഓടെ മേൽശാന്തി കുമാർ മഹേശ്വരത്തിന്റെ നേതൃത്വത്തിൽ പൊങ്കൽ നിവേദ്യസമർപ്പണവും നടന്നു. ഭക്ത ജനങ്ങൾക്കായി കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്ര ഊട്ടുപുരയിൽ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.