തിരുവനന്തപുരം: ജീവന്റെ പാതിയാണ് ഗൗതമൻ അച്ഛനായി പകുത്തു നൽകിയത്. അച്ഛൻ ലെനിൻ രാജേന്ദ്രനെ അത്രമേൽ സ്നേഹിച്ചിരുന്നു, ഗൗതമൻ. പക്ഷേ, 67-ാം വയസ്സിൽ, മകൻ ഗൗതമന്റെ പാതി കരളുമായി ലെനിൻ മരണത്തിന്റെ മഹാനിദ്രയിൽ അലിഞ്ഞു.
കരൾരോഗം വല്ലാതെ മൂർച്ഛിച്ചതിനെ തുടർന്നാണ് ലെനിൻ രാജേന്ദ്രനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തരമായി കരൾ മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ ലെനിൻ രാജേന്ദ്രന്റെ ഭാര്യ ഡോ. രമണിയെ അറിയച്ചതോടെ അതിനുള്ള അന്വേഷണമായി. അച്ഛന്റെ ജീവനും മരണത്തിനും ഇടയിൽ ഗൗതമന്റെ തീരുമാനം എത്തിയത് അപ്പോഴായിരുന്നു.
സുഹൃത്തുക്കളും ബന്ധുക്കളിൽ ചിലരും ആ മുപ്പതുകാരനെ വിലക്കി. പക്ഷേ, ഗൗതമൻ ഉറച്ചുനിന്നു. അച്ഛന്റെ മനസിൽ ഇനിയും സിനിമയുണ്ടെന്നും ആ സിനിമയ്ക്ക് എന്തെക്കെയോ പറയാൻ ബാക്കിയുണ്ടെും ഛായാഗ്രാഹകൻ കൂടിയായ ഗൗതമന് അറിയമായിരുന്നു.
കഴിഞ്ഞ ഡിസംബർ 16നായിരുന്നു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. നീണ്ട മയക്കത്തിനൊടുവിൽ ബോധത്തിലേക്ക് എത്തിയ ലെനിൻ ആദ്യം തിരഞ്ഞത് ഗൗതമന്റെ മുഖം. എല്ലാ സിനിമകൾക്കും അപ്പുറത്തായിരുന്നു ജീവിതത്തിലെ അത്തരമൊരു ദൃശ്യം. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയാലുടൻ സിനിമ- അതായിരുന്നു അച്ഛനന്റെയും മകന്റെയും തീരുമാനം. പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിനെ ആസ്പദമാക്കി സിനിമ ഒരുക്കാനുള്ള മുൻ തീരുമാനം നടപ്പിലാക്കാൻ ഉറപ്പിച്ചു. നിർമ്മാതാവ് ബി.രാകേഷിനെ ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്തു.
ഒരാഴ്ചമുമ്പ് ആരോഗ്യനില വീണ്ടും വക്ഷളായി. അച്ഛനിൽ കണ്ട തിളക്കം പൊലിയുന്നതു കണ്ടു നിൽക്കാനായിരുന്നു ഗൗതമന്റെ വിധി. പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ടിന്റെ സഹായിയാണ് ഗൗതമൻ.