6

കഴക്കൂട്ടം : ഭർത്താവുമായി പിണങ്ങി കഠിനംകുളം ചാന്നാങ്കര അണക്കപിള്ള പാലത്തിന് സമീപം വാടക വീട്ടിൽ താമസിച്ചിരുന്ന ജസീന്ത (48) മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. ഒപ്പം താമസിച്ചിരുന്ന ഷമീറിനെ (44) കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ പത്തിനാണ് ജസീന്ത മരിച്ച നിലയിൽ കാണപ്പെട്ടത്.

ഭർത്താവിനെയും അഞ്ചു മക്കളെയും ഉപേക്ഷിച്ച ജസീന്തയും ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച ഷമീറും നാല് വർഷമായി ഒന്നിച്ചാണ് താമസം. ഇരുവരും ഒരുമിച്ചു മദ്യപിക്കുന്നത് പതിവാണ്. മദ്യക്കുപ്പി ഒളിച്ച് വച്ച കാരണത്തിൽ മത്സ്യത്തൊഴിലാളിയായ ഷമീർ ജസീന്തയെ ക്രൂരമായി മർദ്ദിച്ച ശേഷം വീട് പൂട്ടി പോയി. പി​റ്റേ ദിവസം ഷമീർ വന്നു നോക്കുമ്പോൾ ജസീന്ത മരിച്ചതായി കണ്ടു. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ഷമീറിനെ മൊഴി എടുത്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച ലഭിച്ച പോസ്​റ്റ്മോർട്ടം റിപ്പോർട്ടിൽ കുടലിലും വയറിലുമുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് തെളിയുകയായിരുന്നു. ഷമീറിനെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.