ആര്യനാട് : അരുവിക്കര നിയോജകമണ്ഡലത്തിലെ ആദിവാസി മേഖലകളിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് രാജ്യസഭാ അംഗങ്ങളുടെ എം.പി ഫണ്ടിൽ നിന്നും 2.05 കോടി രൂപ അനുവദിച്ചതായി കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു.

മുൻ പ്രതിരോധ വകുപ്പ് മന്ത്രിയായ എ.കെ.ആന്റണി എം.പിയുടെ ഫണ്ടിൽ നിന്നും വിതുര പഞ്ചായത്തിലെ മണിതൂക്കിയിൽ 45 ലക്ഷം രൂപ ചിലവഴിച്ചും തൊളിക്കോട് പഞ്ചായത്തിലെ ചെരുപ്പാണിയിൽ 30 ലക്ഷം രൂപ ചിലവഴിച്ചും പുതിയ സാംസ്കാരിക നിലയങ്ങൾ നിർമ്മിക്കും.കൂടാതെ തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാൻപാറ ചമ്പുവെട്ടുപാറ സാംസ്കാരിക നിലയത്തിന് 25 ലക്ഷം രൂപയും ആര്യനാട് പഞ്ചായത്തിലെ തേവിയാരുകുന്ന് സാംസ്കാരിക നിലയത്തിന് 40 ലക്ഷം രൂപയും അനുവദിച്ചു. ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

മുൻ കേന്ദ്രമന്ത്രിയായ വയലാർ രവി എം.പി യുടെ ഫണ്ടിൽ നിന്നും കുറ്റിച്ചൽ പഞ്ചായത്തിലെ പാങ്കാവ് ആദിവാസി മേഖലയിൽ പുതിയ സാംസ്കാരിക നിലയം നിർമ്മിക്കാൻ 40 ലക്ഷം രൂപ അനുവദിച്ചു. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ.കുര്യൻ എം.പിയുടെ ഫണ്ടിൽ നിന്നും തൊളിക്കോട് പഞ്ചായത്തിലെ മണ്ണാത്തിക്കുഴി - വെള്ളക്കരിക്കകം റോഡ് നിർമ്മാണത്തിന് 25 ലക്ഷം രൂപ അനുവദിക്കുകയും നിർമ്മാണ പ്രവർത്തങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും ശബരീനാഥൻ എം.എൽ.എ പറഞ്ഞു.