തിരുവനന്തപുരം:തിങ്കളാഴ്ച രാത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തും കെ.എസ്.എഫ്.ഡി.സി ചെയർമാനുമായ ലെനിൻ രാജേന്ദ്രന്റെ(67) ഭൗതികശരീരം ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് പണ്ഡിറ്റ്സ് കോളനിയിലെ വസതിയിൽ കൊണ്ടുവന്നു.മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സമൂഹത്തിന്റെ നാനാതുറകളിലെ പ്രമുഖർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
ഇന്ന് രാവിലെ 9.30ന് യൂണിവേഴ്സിറ്റി കോളേജിലും 10.30ന് കലാഭവൻ തീയേറ്ററിലും പൊതുദർശനത്തിന് വയ്ക്കും. രണ്ടുമണിക്ക് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ഡിസംബർ 17ന് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക് വിധേയനായ ലെനിൻരാജേന്ദ്രന്റെ ആരോഗ്യനിലയിൽ പുരോഗതി കണ്ടെങ്കിലും ശ്വാസകോശത്തിലുണ്ടായ അണുബാധയും രക്തസമ്മർദ്ദത്തിലെ കുറവും മൂലം തിങ്കളാഴ്ച രാത്രി 8.30ഓടെ മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ ചെന്നൈയിലെ രാമചന്ദ്ര മെഡിക്കൽ കോളേജിൽ എംബാം ചെയ്ത മൃതദേഹം വൈകിട്ട് നാലിനുള്ള വിമാനത്തിലാണ് തിരുവനന്തപുരത്ത് കൊണ്ടുവന്നത്. 6.50 ഓടെ വീട്ടിലെത്തിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ വൻജനക്കൂട്ടമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി രാമചന്ദ്രൻകടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ വി.ശശി,കെ.മുരളീധരൻ എം.എൽ.എ, എ.സമ്പത്ത് എം.പി,സി.പി.എം പോളിറ്ര് ബ്യൂറോ അംഗം എം.എ.ബേബി, പത്നി ബെറ്റിബേബി, മുൻ എം.എൽ.എ വി.ശിവൻകുട്ടി,പി.എസ്.സി അംഗം പാർവ്വതീദേവി,ആനത്തലവട്ടം ആനന്ദൻ, പന്തളം സുധാകരൻ, ചലച്ചിത്ര സംവിധായകരായ ഹരികുമാർ,ടി.വി.ചന്ദ്രൻ, ബി.അജിത്ത്കുമാർ,മധുപാൽ,പ്രമോദ് പയ്യന്നൂർ,ചലച്ചിത്ര നിർമാതാക്കളായ സുരേഷ് കുമാർ,ഗോകുലം ഗോപാലൻ,രഞ്ജിത്ത്,ചലച്ചിത്ര നടി ചിപ്പിരഞ്ജിത്ത്, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു,പ്രൊഫ.എം.എ.അലിയാർ, ചെറിയാൻഫിലിപ്പ്, പിരപ്പൻകോട് മുരളി,ജോർജ് ഓണക്കൂർ തുടങ്ങിയ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പ്രൊഫസറായി വിരമിച്ച ഡോ.രമണിയാണ് ഭാര്യ. മക്കൾ:ഡോ.പാർവതി, ഛായാഗ്രാഹകൻ ഗൗതമൻ. മരുമകൻ: അരുൺ.വിജയകുമാരി,തങ്കമണിദിവാകരൻ, രാധാമണി,രമ,ബീന, സഞ്ജീവ് പ്രസാദ് എന്നിവരാണ് സഹോദരങ്ങൾ.