പോത്തൻകോട്: പോത്തൻകോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഓഫീസ് ഒരു സംഘം സാമൂഹ്യ വിരുദ്ധർ അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം രാത്രി 12ന് ശേഷമാണ് സംഭവം. ഓഫീസിനുള്ളിലെ സ്റ്റേഷൻമാസ്റ്ററുടെ കാബിനിലെ മേശയും കസേരകളും പുറത്തെ കൗണ്ടറിലെ കണ്ണാടിച്ചില്ലും അക്രമികൾ തല്ലിത്തകർത്തു. ഇന്നലെ പുതിയ സ്റ്റേഷൻ മാസ്റ്റർ ചാർജെടുക്കാനിരിക്കെയാണ് സംഭവം. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും പ്രതിദിനം 219 സർവീസുകളാണ് ഇവിടെയുള്ളത്. 2015ൽ പ്രവർത്തനം ആരംഭിച്ച ഈ ഡിപ്പോ ഒരു സ്റ്റേഷൻ മാസ്റ്ററുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ടോമിൻ തച്ചങ്കരി എം.ഡിയായി ചാർജെടുത്ത ശേഷം സ്റ്റേഷൻ മാസ്റ്ററുടെ സേവനം ഒഴിവാക്കിയിരുന്നു. കുറച്ചുനാൾ ബസുകൾ വന്നുപോകുന്നത് നിയന്ത്രിക്കാൻ ഒരു സംവിധാനവും ഇവിടെ ഉണ്ടായിരുന്നില്ല. യാത്രക്കാരുടെയും പഞ്ചായത്ത് അധികൃതരുടെയും നിരന്തര പരാതിയെ തുടർന്ന് കണിയാപുരം, ആറ്റിങ്ങൽ, വികാസ് ഭവൻ എന്നീ ഡിപ്പോകളിൽ നിന്നും അന്നന്ന് ഡ്യൂട്ടിയിലുള്ള ഏതെങ്കിലും ഒരു ഇൻസ്‌പെക്ടറെ ഇവിടെ ജോലിക്ക് നിയോഗിക്കുകയാണ് ചെയ്യുന്നത്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് പുതിയ സ്റ്റേഷൻ മാസ്റ്റർ ചാർജെടുക്കാനിരിക്കെയാണ് അക്രമം. അക്രമത്തിന് പിന്നിൽ എന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.