തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വദേശ് ദർശൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി കാത്തുനിന്ന ഭക്ത സഹസ്രങ്ങളെ സാക്ഷി നിറുത്തി സമർപ്പിച്ചു.
ഇന്നലെ രാത്രി 7.42ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ എത്തിയ മോദി ചടങ്ങിന് ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവരേയും വണങ്ങിയ ശേഷം 7.44ന് ഫലകം സ്ഥാപിച്ചിരുന്ന പടിക്കെട്ടിലേക്ക് നീങ്ങി. ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.പിമാരായ ശശി തരൂർ, വി.മുരളീധരൻ, സുരേഷ്‌ഗോപി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരൻ പിള്ള എന്നിവരും അനാച്ഛാദന വേളയിൽ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പിന്നീട് അദ്ദേഹം ശ്രീപദ്മനാഭസ്വാമിയെ വണങ്ങാനായി ക്ഷേത്രത്തിനകത്തേക്കു പോയി. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയർ വി.കെ.പ്രശാന്ത്, വി.എസ്.ശിവകുമാർ എം.എൽ.എ, ജില്ലാ കളക്ടർ വാസുകി, ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, നഗരസഭാ കൗൺസിലർമാർ എന്നിവരും എത്തിയിരുന്നു.
ധരിച്ചു വന്നിരുന്ന വസ്ത്രം മാറി മുണ്ടുടുത്ത് നേര്യതും ഷാളും ചുറ്റിയാണ് പ്രധാനമന്ത്രി അമ്പലത്തിൽ പ്രവേശിച്ചത്. ഗവർണർ ജസ്റ്റിസ് പി.സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം അമ്പലത്തിൽ പ്രവേശിച്ചു. 8.06ന് ദർശനം നടത്തി മടങ്ങിയെത്തിയ അദ്ദേഹം കുർത്തയും പൈജാമയും ധരിച്ച് ശേഷം പുറത്ത് കാത്തുനിന്നവരെ അഭിവാദ്യം ചെയ്ത് കാറിൽ കയറി വിമാനത്താവളത്തിലേക്കു പോയി.