തിരുവനന്തപുരം: കോട്ടയ്‌ക്കകത്ത് ട്രാൻസ്‌പോർട്ട് ഭവന് മുന്നിലായി കെ.എസ്.ആർ.ടി.സി ജീവനക്കാരും വഴിയോരക്കച്ചവടക്കാരും തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ രാത്രി 10ഓടെയാണ് സംഭവം. നഗരസഭയുടെ ലൈസൻസുള്ള വഴിയോരക്കച്ചവടക്കാരുടെ കട സ്ഥിതിചെയ്യുന്ന ഫുട്പാത്തിൽ കണ്ടം ചെയ്യാനുള്ള കെ.എസ്.ആർ.ടി.സി ബസ് പാർക്ക് ചെയ്‌തതാണ് വാക്കുതർക്കത്തിന് കാരണമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്മനാഭസ്വാമി ക്ഷേത്ര ദർശത്തിനായി സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയ്‌ക്കത്തുള്ള വഴിയോരക്കച്ചവടക്കാരോട് തത്കാലത്തേക്ക് കടകൾ ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ കച്ചവടക്കാർ കടകളൊഴിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം ഇന്നലെ രാത്രിയോടെ കടകൾ തിരികെ സ്ഥാപിക്കാനെത്തിയപ്പോഴാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ ഫുട്പാത്തിൽ ബസുകൾ പാർക്ക് ചെയ്‌തിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ബസുകൾ മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഉന്നതാധികാരികൾ ആവശ്യപ്പെട്ടതിനാലാണ് ഇത് ചെയ്‌തതെന്ന് പറഞ്ഞ ജീവനക്കാർ ബസുകൾ മാറ്റി സ്ഥാപിക്കാൻ തയ്യാറായില്ലെന്നും ഇവർ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് തങ്ങൾക്ക് അറിവൊന്നും കിട്ടിയില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പ്രതികരിച്ചത്. വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി.) നേതാക്കളും സ്ഥലത്തെത്തി ഏറെ നേരം പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ നടപടിക്കെതിരെ ഇന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരിക്ക് പരാതി നൽകുമെന്നും തൊഴിലാളികൾ പറഞ്ഞു.
ഫോട്ടോ: കോട്ടക്കകത്ത് ട്രാൻസ്പോർട്ട് ഭവന് മുന്നിലായി ഫുട്പാത്തിൽ തട്ടുകട
സ്ഥാപിച്ചിരുന്നിടത്ത് കെ.എസ്.ആർ.ടി.ബസ് പാർക്ക് ചെയ്‌തിരിക്കുന്നു