വണ്ടിപ്പെരിയാർ: കത്തിക്കരിഞ്ഞ നിലയിൽ വീടിന് പിറകിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയ വീട്ടമ്മയുടെ മൃദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. തിങ്കളാഴ്ച വൈകുന്നേരമാണ് വള്ളക്കടവ് പഞ്ചായത്ത് കോളനിയിൽ നിരപ്പേൽ വീട്ടിൽ ഓമനയുടെ (65) മൃതദേഹം കണ്ടെത്തിയത്. കേൾവി കുറവുള്ള ഓമന ജീവനൊടുക്കുന്നത് സംബന്ധിച്ച് ചില സൂചനകൾ നൽകിയിരുന്നതായി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകളെന്നും ലഭിച്ചില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂവെന്ന് വണ്ടിപ്പെരിയാർ എസ്.ഐ സാഗർ പറഞ്ഞു.

സംഭവത്തിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ഇന്നലെ കട്ടപ്പന ഡിവൈഎസ്.പി സി.എൻ.രാജ്‌മോഹൻ എത്തിയ ശേഷമാണ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഓമനയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണ മാലയും വീട്ടിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും നഷ്ടപ്പെട്ടതായി മകൾ പൊലീസിന് മൊഴി നൽകിയിരുന്നു.

എന്നാൽ കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപത്ത് നിന്ന് സ്വർണത്തിന്റെ ആവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മോഷണം സംബന്ധിച്ച് യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് നായ മണം പിടിച്ചു സമീപത്തെ ഏലത്തോട്ടത്തിലേക്ക് പോയി തിരികെ വീടിനു സമീപത്ത് തന്നെ ചുറ്റിത്തിരിയുകയായിരുന്നു.