തിരുവനന്തപുരം: മൃതദേഹം തെരഞ്ഞുപോയ കോസ്റ്റൽ പൊലീസിന്റെ ബോട്ട് അർദ്ധരാത്രി കടലിൽ കുടുങ്ങി. ഒന്നരമണിക്കൂറോളം കുടുങ്ങിക്കിടന്ന ബോട്ടിനെയും അതിലുണ്ടായിരുന്ന നാലംഗ പൊലീസ് സംഘത്തെയും മറൈൻ എൻഫോഴ്സ് മെന്റ് എത്തി രക്ഷപ്പെടുത്തി. വിഴിഞ്ഞം കോസ്റ്റൽ പൊലീസിനെ സഹായിക്കാനെത്തിയ പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ജലറാണിയെന്ന ബോട്ടാണ് തകരാറിലായത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഡ്യൂട്ടിയിലായിരുന്ന കോസ്റ്റൽ പൊലീസ് അടിമലത്തുറയിൽ മൃതദേഹം കണ്ടെന്ന മത്സ്യതൊഴിലാളികളുടെ ഫോൺ സന്ദേശത്തെ തുടർന്നാണ് തെരച്ചിലിന് പുറപ്പെട്ടത്. രാത്രി പത്തുമണിയോടെ അടിമലത്തുറയ്ക്ക് പോയ സംഘം 12 മണിയോടെ തീരത്തുനിന്ന് 6 നോട്ടിക്കൽ മൈൽ അകലെ തെരച്ചിൽ നടത്തുമ്പോഴാണ് ബോട്ടിന്റെ സ്റ്റിയറിംഗ് വീൽ തകരാറിലായത്. ഇതോടെ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി. തുടർന്ന് കടലിൽ നങ്കൂരമിട്ടശേഷം പൊലീസ് മറൈൻ എൻഫോഴ്സ്മെന്റിന്റെ സഹായം തേടി. മറൈൻ എൻഫോഴ്സ് മെന്റെത്തിയാണ് നാലംഗ പൊലീസ് സംഘത്തെ രക്ഷപ്പെടുത്തിയത്. തകരാറിലായ ബോട്ടും കെട്ടിവലിച്ച് കരയ്ക്കെത്തിച്ചു. സംഘത്തിന് മൃതദേഹം കണ്ടെത്താനായില്ല.