വിഴിഞ്ഞം: തമിഴ് സിനിമ 96ന്റെ പ്രേരണയിൽ വെങ്ങാനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 1996 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളും അദ്ധ്യാപകരും സൂൾ അങ്കണത്തിൽ സഹപാഠി 96 എന്ന പേരിൽ ഒത്തുകൂടി. കൂട്ടായ്മയുടെ ഉദ്‌ഘാടനം മുൻ ഹെഡ്മാസ്റ്റർ അംബിക ദാസൻ നാടാർ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബി.കെ. കല അദ്ധ്യക്ഷത വഹിച്ചു. രാവിലെ ഒൻപതു മുതൽ തുടങ്ങിയ കൂട്ടായ്മയിൽ 30 ഒാളം അദ്ധ്യാപകരെ ആദരിച്ചു. ഒരേ ക്ലാസിൽ പഠിച്ചവരെ തിരിച്ചറിയാതെ കുഴങ്ങിയ സഹപാഠികളുടെ ജാള്യത കൂട്ടായ്മയിൽ ചിരിപടർത്തി. തട്ടുകടയും വിദേശഭാഷണവുമൊക്കെ കൂട്ടായ്മയ്ക്കായി സംഘാടകർ ഒരുക്കിയിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം പൂർവ വിദ്യാർത്ഥികളുടെ വടം വലിമത്സരങ്ങളും മറ്റു കായികമത്സരങ്ങളും അവരുടെ മക്കൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. ഓരോ ഡിവിഷനിലും പഠിച്ചവർ അവരുടെ ക്ലാസുകളിൽ പ്രത്യേകം ഒത്തുകൂടി ക്ലാസ് ടീച്ചർക്കൊപ്പം അനുഭവങ്ങൾ പങ്കിട്ടു. വിവധ തലങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ അതത് ക്ലാസുകളിൽ ആദരിച്ചു. കെ.കെ. പ്രഭാകരൻ, സുനിൽ കുമാർ. ബി, ഹൃഷികേശ്, മോഹനൻ, നാൻസൺ, എസ്. വി. രാജേഷ് , എസ്.എസ്. രജനീഷ്, എ. അനൂപ്, സജീവ് ടി.രാജൻ, ബി. ഷജൻ, ആർ.എസ്. മഞ്ജുള എന്നിവർ സംസാരിച്ചു.