2

വിഴിഞ്ഞം: ലോകത്തെ സാധാരണക്കാരുടെ ജീവിതക്കാഴ്ചകൾ അടുത്തറിയാൻ പോളണ്ടിൽ നിന്നും ബൈക്കിൽ യാത്ര തിരിച്ച മാജ സൊൻടാഗ്‌ (38) കോവളത്തെത്തി. കേരളത്തിൽ ആദ്യമായെത്തിയ മാജയെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കാൾ ആകർഷിക്കുന്നത് നാട്ടിൻപുറ കാഴ്ചകളാണ്. ഇടറോഡുകളിലൂടെയുള്ള യാത്ര പുതിയ അനുഭവങ്ങളാണ് നൽകുന്നതെന്ന് മാജ പറയുന്നു. സ്വന്തം ഇഷ്ടപ്രകാരം തനിച്ചു നടത്തുന്ന യാത്ര ഇതിനകം നൂറിലധികം രാജ്യങ്ങൾ പിന്നിട്ടു. വീട്ടുകാരുടെ പൂർണ പിന്തുണയുണ്ടെന്നും യാത്രയ്ക്ക് തടസമാകുമെന്നതിനാൽ ഇപ്പോഴും അവിവാഹിതയായി കഴിയുകയാണെന്നും ഇവർ പറഞ്ഞു. ഇവിടെ എത്തിയപ്പോൾ സഹായിക്കാൻ കേരളത്തിന്റെ സ്വന്തം ബുള്ളറ്റ് റാണിയായ ഷൈനി രാജ്‌കുമാറിനെ സഹായത്തിന് ലഭിച്ചു. ബൈക്ക് കേടായതിനെ തുടർന്ന് മറ്റൊരു വാഹനം ഏർപ്പാടാക്കിക്കൊടുത്തത് ഷൈനിയാണ്. സ്ത്രീയെന്ന പരിഗണന എല്ലാസ്ഥലത്തുനിന്നും കിട്ടുന്നുവെന്നും ഒറ്റയ്ക്കാണ് യാത്രയെന്ന തോന്നലില്ലെന്നും മാജ പറയുന്നു. പിറന്ന നാടിനെക്കാൾ ലോകത്തെയറിയാനാണ് തനിക്കിഷ്ടമെന്നും കേരളം ഇഷ്ടമായെന്നും ഇവർ പറഞ്ഞു. കോവളത്തെ ഹോം സ്റ്റേയിൽ തങ്ങുന്ന മാജ മൂന്നുമാസം ഇന്ത്യയിൽ ഉണ്ടാകും. പിന്നീട് ചെന്നൈ വഴി ശ്രീലങ്കയിലേക്ക് പോകും.