editorial-

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉദ്യോഗ നിയമനങ്ങളിലും കലാലയ പ്രവേശനത്തിലും പത്തുശതമാനം സംവരണം നൽകുന്നതിനുള്ള നിയമം ഒട്ടും വച്ചുതാമസിപ്പിക്കാതെ നടപ്പാക്കാൻ കേന്ദ്രം നടപടി ആരംഭിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് അധികം നാളുകളില്ലാത്തതിനാൽ എത്രയും വേഗം ഇതു പ്രാബല്യത്തിൽ കൊണ്ടുവരാൻ സംസ്ഥാനങ്ങൾക്കും താത്‌പര്യമുണ്ട്. പാർലമെന്റിന്റെ ഇരുസഭകളും വൻ ഭൂരിപക്ഷത്തോടെ പാസാക്കിയ സാമ്പത്തിക സംവരണ ബിൽ രാഷ്ട്രപതി അംഗീകരിച്ച് നിയമമായ ഉടൻതന്നെ ഗുജറാത്ത് സർക്കാർ അതു നടപ്പാക്കാൻ നടപടിയെടുത്തു.

നിയമം നടപ്പാകുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും ഗുജറാത്തിനാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടുത്ത അദ്ധ്യയന വർഷം മുതൽ മുന്നാക്ക വിഭാഗങ്ങളിൽ പെട്ടവർക്ക് പത്തു ശതമാനം സീറ്റ് സംവരണം ചെയ്യാനുള്ള നടപടിയുമായി കേന്ദ്ര സർക്കാരും രംഗത്ത് വന്നുകഴിഞ്ഞു. ഇതിനാവശ്യമായ ഉത്തരവുകൾ യു.ജി.സിയും എ.ഐ.സി.ഇ.ടിയും ഒരാഴ്ചയ്ക്കകം പുറപ്പെടുവിക്കുമെന്നാണ് സൂചന. നിലവിലുള്ള ജാതി സംവരണത്തെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തിലാണ് സാമ്പത്തിക സംവരണം നടപ്പാക്കുക എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ നാല്പതിനായിരം കോളേജുകളിലും തൊള്ളായിരം സർവകലാശാലകളിലും അടുത്ത അദ്ധ്യയന വർഷത്തെ പ്രവേശനത്തിൽ മുന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സംവരണം ലഭിക്കും.

കോളേജുകളിലും സർവകലാശാലകളിലും 25 ശതമാനം വരെ സീറ്റുകൾ സൃഷ്ടിച്ചുകൊണ്ടാവും സംവരണം നടപ്പാക്കുന്നതെന്ന് കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. സ്വാഗതാർഹമായ തീരുമാനം തന്നെയാണിത്. സാമ്പത്തിക സംവരണം നടപ്പാക്കുമ്പോൾ തങ്ങൾക്കു നഷ്ടമുണ്ടാകുമോ എന്നു ആശങ്കപ്പെടുന്ന വിഭാഗങ്ങളെ ആശ്വസിപ്പിക്കുന്ന തീരുമാനം കൂടിയാണിത്. പുതിയ സംവരണക്രമത്തെ എതിർക്കുന്നവരെ ഒരു പരിധിവരെ തണുപ്പിക്കാനും ഇതുവഴി സാധിക്കും. അർഹതപ്പെട്ട വിഹിതത്തിൽ കുറവു വരുമ്പോഴാണല്ലോ സമൂഹത്തിൽ സംഘർഷം ഉടലെടുക്കുന്നത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്ന കുട്ടികളുടെ സംഖ്യ ഓരോ വർഷവും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ പുതിയ സംവരണ നിയമത്തെക്കുറിച്ച് പരക്കെ ആശങ്കയുണ്ടായിരുന്നു. അവസരം നഷ്ടപ്പെടുകയില്ലെന്നു മാത്രമല്ല, പുതുതായി ഇരുപത്തഞ്ചു ശതമാനം സീറ്റുകൾ സൃഷ്ടിക്കപ്പെടുമെന്നുകൂടി വ്യക്തമാക്കപ്പെട്ടതോടെ എല്ലാ വിഭാഗങ്ങളുടെയും താത്‌പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പായി. സർക്കാർ വക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ന്യൂനപക്ഷക്കാരുടേതല്ലാത്ത അൺ എയ്‌ഡഡ് അടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ സംവരണ വ്യവസ്ഥ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഓരോ സ്ഥാപനവും പുറത്തിറക്കുന്ന പ്രോസ്‌പെക്ടസിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താൻ കേന്ദ്ര മാനവശേഷിവകുപ്പ് നിർദ്ദേശം നൽകും. ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.എം ഉൾപ്പെടെ എല്ലാ സാങ്കേതിക സ്ഥാപനങ്ങൾക്കും സംവരണ നിയമം ബാധകമാണ്. സർവകലാശാലകളും പുതുതായി പത്തുശതമാനം സീറ്റുകൾ മാറ്റിവയ്ക്കേണ്ടിവരും.

തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് കേന്ദ്രം സാമ്പത്തിക സംവരണവുമായി പൊടുന്നനെ രംഗപ്രവേശം ചെയ്തതെന്ന് വ്യക്തമാണെങ്കിലും അതിനു സാധൂകരണം ഉറപ്പാക്കുന്ന വിധത്തിലാകണം ഇനിയുള്ള നടപടികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധികമായി സീറ്റുകൾ സൃഷ്ടിച്ച് പുതിയ സംവരണ വിഭാഗങ്ങളെ ഉൾക്കൊള്ളിക്കാനുള്ള നീക്കം ആ നിലയ്ക്ക് സ്വാഗതം ചെയ്യപ്പെടാവുന്നതാണ്. സംവരണ വിഷയത്തിൽ മാത്രമല്ല സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇതുപോലുള്ള ഏതു തീരുമാനമെടുക്കുമ്പോഴും ചില കരുതൽ നടപടികൾ ആവശ്യമാണ്. പുതിയ തീരുമാനത്തെ സമൂഹത്തിൽ എല്ലാവരും അംഗീകരിച്ചെന്നുവരില്ല. അത്തരക്കാരെ അനുനയിപ്പിക്കാനും എതിർപ്പിന്റെ മൂർച്ച കുറയ്ക്കാനും ഉതകുന്ന നടപടി കൂടി ഉണ്ടായാൽ സാമൂഹ്യഭദ്രതയും സമാധാനവും നിലനിറുത്താൻ കഴിയും. സർവകലാശാലകളിലും സാങ്കേതിക പഠന സ്ഥാപനങ്ങളിലും സീറ്റുകൾ കൂട്ടുമ്പോൾ അതിന്റെ പ്രയോജനം പരോക്ഷമായി സമൂഹത്തിനു പൊതുവേയുള്ളതാണ്. പഠനാവസരങ്ങൾ വിപുലമാകുന്നതിനൊപ്പം അദ്ധ്യാപക - അനദ്ധ്യാപക മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഉന്നത വിദ്യാഭ്യാസം നേടാനും തലവരി കൊടുക്കേണ്ടിവരുന്ന ദുഷിച്ച സമ്പ്രദായം നിലനിൽക്കുകയാണ്. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്ന സ്ഥാപനങ്ങളിൽ മാത്രമേ പ്രവേശനത്തിന് കോഴ നൽകേണ്ടാത്തതായി ഉള്ളൂ. മെഡിക്കൽ വിദ്യാഭ്യാസ രംഗത്താണ് തലവരി ഏർപ്പാട് ഇപ്പോഴും ശക്തമായി നിലനിൽക്കുന്നത്. തലവരി നിരോധിച്ചിട്ടുള്ളതാണെങ്കിലും പല രൂപത്തിലും അതു നിലനിൽക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം സീറ്റുകൾ വർദ്ധിക്കുമെന്നതു തന്നെയാണ് പ്രധാന നേട്ടമായി കാണേണ്ടത്. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ കൂടി ഒരുക്കേണ്ടതുണ്ട്. പല സ്ഥാപനങ്ങളും ഇപ്പോൾത്തന്നെ സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലാണ്. അദ്ധ്യാപകരും ഭൗതിക സൗകര്യങ്ങളും ഇല്ലാത്തതിന്റെ പേരിൽ എത്രയോ സ്ഥാപനങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താറുണ്ട്. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള നടപടികൾ കൂടി കൂട്ടത്തിൽ ഉണ്ടാകണം.