amma

തിരുവനന്തപുരം: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തിൽ മാതാ അമൃതാനന്ദമയി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലയും കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശബരിമല നട അടയ്ക്കുന്ന ജനുവരി ഇരുപതിന് വൈകിട്ട് നാലിനാണ് സംഗമം. സ്വാമി ചിതാനന്ദപുരി,​ സ്വാമി വിവിക്താനന്ദ സരസ്വതി,​ ശാക്ത ശിവലിംഗേശ്വര,​ സ്വാമി പരിപൂർണ്ണാനന്ദ തുടങ്ങിയ ആത്മീയ നേതാക്കളും ശിവഗിരിമഠം,​ ശ്രീരാമകൃഷ്ണാശ്രമം,​ ആർട് ഒഫ് ലിവിംഗ്,​ ശാന്തിഗിരി ആശ്രമം ഭാരവാഹികളും 200ലധികം സാമുദായിക സംഘടനാ നേതാക്കളും സംഗമത്തിന്റെ ഭാഗമാകുമെന്ന് അവർ പറഞ്ഞു.

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള വിശ്വാസികളുടെ നാമജപ യാത്രയുമുണ്ടായിരിക്കും.

തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ 18ന് രാവിലെ അയ്യപ്പ മണ്ഡപങ്ങൾ ഒരുക്കും. വൈകിട്ട് നഗരത്തിൽ വനിതകളുടെ വാഹന പ്രചാരണ യാത്രയും നടത്തും. 20ന് വൈകിട്ട് മൂന്നിന് മ്യൂസിയം, പി.എം.ജി ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നാണ് നാമജപ ഘോഷയാത്രകൾ ആരംഭിക്കുക. ഇവ എൽ.എം.എസ് ജംഗ്ഷനിൽ സംഗമിച്ച് പുത്തരിക്കണ്ടത്തേക്ക് പുറപ്പെടും.

17,​18,​ 19 തീയതികളിൽ പ്രമുഖ പാർട്ടികളുടെ ദേശീയ നേതാക്കളെ ഡൽഹിയിൽ കണ്ട് ശബരിമല പ്രശ്നത്തിന്റെ നിജസ്ഥിതി ധരിപ്പിക്കും.18ന് ഡൽഹിയിൽ സെമിനാ‍ർ നടത്തും.

ശബരിമലയിൽ ആചാരസംരക്ഷണം ആവശ്യപ്പെട്ട് 18ന് നടത്താനിരുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിനു പകരമാണ് അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നത്.