ആറ്റിങ്ങൽ: മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡുകൾ ആറ്റിങ്ങൽ നഗരസഭയ്ക്ക് ഇടയ്ക്കിടെ ലഭിക്കുന്നുണ്ടെങ്കിലും ഇവിടത്തെ സർക്കാർ ഓഫീസുകളിൽ പലതും മലിനീകരണം ഉണ്ടാക്കുന്നുവെന്ന് ആക്ഷേപം. വിഷയം പരിസ്ഥിതി പ്രവർത്തകർ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.നഗര മദ്ധ്യത്തിലെ സബ് ട്രഷറിയിൽ നിന്നു പുറന്തള്ളുന്ന പേപ്പറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും ട്രഷറി വളപ്പിനു മുന്നിലെ തുറസായ സ്ഥലത്ത് ദിവസവും കത്തിച്ച് വായു മലിനമാക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം തീയിട്ട ഭാഗത്തോടു ചേർന്ന് സ്ഥാപിച്ചിരുന്ന വാട്ടർ കണക്‌ഷന്റെ പൈപ്പ് ഉരുകി കുടിവെള്ളം പാഴായിരുന്നതായി നാട്ടുകാർ പറയുന്നു. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ നിന്നുള്ള കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങളും കെട്ടിടത്തിനു പിറകിൽ കോടതി വളപ്പിനു സമീപത്ത് കത്തിക്കുകയാണ് പതിവ്. മാലിന്യങ്ങൾ കത്തിക്കുമ്പോൾ രൂക്ഷ ഗന്ധവും വലിയ പുകയും ഉയരുന്നത് നഗരത്തിൽ മാതൃകാ ജംഗ്ഷനായി പ്രഖ്യാപിച്ച കച്ചേരിജംഗ്ഷനുൾപ്പെടെ പ്രദേശങ്ങളിൽ വ്യാപാരികൾക്കും സ്ഥാപനങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. എല്ലാ ശനിയാഴ്ചകളിലും ചില പ്രവൃത്തി ദിനങ്ങളിലും സന്ധ്യാസമയത്താണ് ഇവിടെ മാലിന്യങ്ങൾ കത്തിക്കുന്നതെന്നാണ് പരാതി. ദേശീയപാതയോടു ചേർന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തൊട്ടു പിന്നിലായി ട്രഷറിയിൽ നിന്നുള്ള മാലിന്യം കത്തിക്കുന്നതായും ആരോപണമുണ്ട്. കോടതി സമുച്ചയവും മിനി സിവിൽ സ്റ്റേഷനും സബ്ട്രഷറിയോടു ചേർന്നാണ് ഇവിടെ പ്രവർത്തിക്കുന്നത്. കൂടാതെ മേഖലയിലുള്ള നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും ഇത് ഭീഷണിയാകുന്നുണ്ട്. ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായിട്ടില്ല.