തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആകെയുള്ള ഒരു മെഡിക്കൽ ഐ.സി.യുവിന്റെ ബലത്തിലുള്ള ഞാണിന്മേൽക്കളി ഇനി അവസാനിപ്പിക്കാം. 14 കിടക്കകളുള്ള ഒരു മെഡിക്കൽ ഐ.സി.യു കൂടി അനുവദിച്ച് ആശുപത്രി അധികൃതർ ഉത്തരവിറക്കി. കഴിഞ്ഞ 7ന് ' ഐ.സി.യുവിനും ചികിത്സ വേണം ' എന്ന തലക്കെട്ടിൽ കേരളകൗമുദി പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടി. കാർഡിയാക് വിഭാഗത്തിലെ പഴയ ഐ.സി.യുവാണ് മെഡിക്കൽ വിഭാഗത്തിന് നൽകിയത്. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിനിൽ ആകെ 13 കിടക്കകളുള്ള ഒരേയൊരു ഐ.സി.യു മാത്രമാണ് ഉണ്ടായിരുന്നത്. അപകടങ്ങളിൽപ്പെട്ടവരടക്കം ഗുരുതരാവസ്ഥയിൽ ദിവസേന അമ്പത് പേരെങ്കിലും ഇവിടെ എത്താറുണ്ടെങ്കിലും 13 കിടക്കകൾ മാത്രമാണ് അവർക്കായി ഉണ്ടായിരുന്നത്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം കഴിയുമ്പോൾ നിലവിലെ കാർഡിയാക് ഐ.സി.യു മെഡിക്കൽ വിഭാഗത്തിന് വിട്ടുനൽകാമെന്ന് നേരത്തേ പറഞ്ഞെങ്കിലും ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും ഐ.സി.യു വിട്ടുനൽകിയിരുന്നില്ല. എന്നാൽ വാർത്ത വന്നതോടെയാണ് ഇക്കാര്യത്തിൽ ഉടൻ തീരുമാനമായത്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്തിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. രോഗിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം ആവശ്യമുള്ള രോഗിയെ ആദ്യം മാറ്റുന്നത് മെഡിക്കൽ ഐ.സി.യുവിലേക്കാണ്. ജീവൻ നിലനിറുത്താനുള്ള ചികിത്സ നൽകി രോഗിയുടെ ജീവന് ഭീഷണിയില്ലെന്ന് ഉറപ്പു വരുത്തിയശേഷമാണ് കാർഡിയാക് അടക്കമുള്ള മറ്റ് ഐ.സി.യുവിലേക്ക് മാറ്റുന്നത്.