ആര്യനാട്: ആര്യനാട് ഗവ. കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രാത്രികാലങ്ങളിൽ പരിശോദിക്കാൻ ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ വലയുന്നു. ദിനംപ്രതി 500 ഓളം രോഗികൾ ഒ.പിയിലെത്തുന്ന ആശുപത്രിയിലാണ് ഈ ദുർഗതി. എല്ലാ ദിവസവും ഉച്ചവരെ ഡോക്ടർമാർ കാണും. രാത്രിയിൽ ഗുരുതരാവസ്ഥയിൽ എത്തുന്നവർക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും കഴിയാത്ത അവസ്ഥയാണ്.
രാത്രിയിൽ ഒരു എൻ.ആർ.എച്ച്.എം. ഡോക്‌ടർ ഡ്യൂട്ടിയ്‌ക്ക് ഉണ്ടായിരുന്നത് ദിവസങ്ങൾക്ക് മുമ്പ് നിറുത്തിപ്പോയി. ഇതോടെ രാത്രിയിൽ രോഗികളെ പരിശോധിക്കാൻ ആരുമില്ലാതായി. ഡോക്ടറില്ലാത്ത വിവരം അറിയിച്ച് മുൻവശത്ത് നോട്ടീസ് പതിപ്പിച്ചിരുന്നു. ഡോക്ടർമാരുടെ കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മുൻപ് മെഡിക്കൽ കോളേജിലെ ഹൗസ്സർജന്മാർ ഗ്രാമിണ മേഖലകളിലെ ആശുപത്രികളിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇവർക്ക് ടൂട്ടി നല്കരുതെന്ന നിർദ്ദേശം വന്നതോടെ ഹൗസ്‌സർജന്മാരും എത്തുന്നില്ല.
ഡോക്‌ടർമാരുടെ അഭാവത്താൽ ഇപ്പോൾ കിടത്തി ചികിത്സ നിറുത്തിവച്ചിരിക്കുകയാണ്. നേരത്തെ അഡ്മിറ്റ് ചെയ്‌ത രണ്ട് പേർ മാത്രമാണ് നിലവിൽ ഉള്ളത്. രാത്രിയിൽ എത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് വിടുകയാണ് പതിവ്. ആര്യനാട്, കുറ്റിച്ചൽ, തൊളിക്കോട്, ഉഴമലയ്ക്കൽ തുടങ്ങിയ പഞ്ചായത്തുകളിലെ നിർദ്ധന രോഗികൾ രാത്രികാലങ്ങളിൽ നെട്ടോട്ടമോടുകയാണ്. പലപ്പോഴും ഇവിടെയെത്തുന്ന രോഗികളുടെ ബി.പി നോക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. സ്ഥിരമായി ഉപയോഗം മൂലം മിക്കപ്പോഴും ബി.പി അപ്പാരറ്റസ് കേടാവുന്നത് പതിവാണ്. ഡോക്ടർമ്മാർ അവർക്കാവശ്യമായ ബി.പി അപ്പാരറ്റസ് സ്വന്തമായി വാങ്ങേണ്ട സ്ഥിതിയാണ്. ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ഇടപെട്ട് മൂന്ന് ഡോക്ടർമാരെ അടിയന്തിരമായി നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ശക്തമായ ആവശ്യം.
ആശുപത്രി വികസനത്തിന് ആനന്ദേശ്വരത്ത് വസ്‌തു വാങ്ങിയെങ്കിലും തുടർ നടപടികൾ ആയിട്ടില്ല. ഇപ്പോഴത്തെ ആശുപത്രിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് വാങ്ങിയ വസ്‌തു. രണ്ടിടത്തുമായി ആശുപത്രി പ്രവർത്തിക്കുന്നത് ജീവനക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടാക്കും. ആനന്ദേശ്വരത്ത് വാങ്ങിയ വസ്‌തുവിൽ ആശുപത്രിക്കാവശ്യമായ കെട്ടിടങ്ങൾ നിർമിക്കുന്നതിന് ജനപ്രതിനിധികൾ ഫണ്ട് അനുവദിക്കണം. സാമൂഹിക ആരോഗ്യകേന്ദ്രമായി ഉയർത്തി വർഷങ്ങൾ പിന്നിട്ടിട്ടും ആശുപത്രിയുടെ വികസനം നാളേക്കു നീളുകയാണ്.