തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി യിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കും ജീവനക്കാരുടെ അനിശ്ചിതകാല സമര നീക്കത്തിനും കാരണം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന ആക്ഷേപം ശക്തമാകുന്നു. ഒരു ഭാഗത്ത് കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ ഏകപക്ഷീയ നടപടികളെ പ്രോത്സാഹിപ്പിക്കുകയും മറുഭാഗത്ത് ഭരണപക്ഷ തൊഴിലാളി സംഘടനകളുടെ സമരത്തിന് പരോക്ഷ പിന്തുണ നൽകുകയുമാണ് സർക്കാർ ചെയ്യുന്നത്.
കോർപ്പറേഷൻ സാമ്പത്തികമായി തകർന്നു നിൽക്കുമ്പോഴും കാഴ്ചക്കാരന്റെ റോളാണ് പത്തു വർഷമായി സർക്കാരിന്. ശമ്പള വർദ്ധന നടപ്പാക്കുക, ഡ്യൂട്ടി ക്രമീകരണത്തിലെ അപാകതകൾ പരിഹരിക്കുക, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക എന്നിവയാണ് സംയുക്ത സമരസമിതി അനിശ്ചിതകാല പണിമുടക്കിന് ആധാരമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ. പണിമുടക്കിന് നോട്ടീസ് നൽകിയപ്പോൾ ഡി.എ അനുവദിക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നു. ഡി.എ കഴിഞ്ഞ ഒമ്പതിന് അനുവദിച്ചിരുന്നു. ഇപ്പോഴത്തെ സാമ്പത്തിക നിലയിൽ ശമ്പള വർദ്ധന ചിന്തിക്കാൻ പോലും കോർപ്പറേഷന് കഴിയില്ല. രണ്ടാമത്തെ ആവശ്യമായ, ഡ്യൂട്ടി ക്രമീകരണത്തിലെ അപാകത പരിഹരിക്കുക എന്നതുകൊണ്ട് യൂണിയൻകാർ ലക്ഷ്യമിടുന്നത് ഡബിൾ ഡ്യൂട്ടി തിരിച്ചു കൊണ്ടു വരികയാണ്. സർക്കാർ തന്നെ നിയോഗിച്ച പ്രൊഫ.സുശീൽ ഖന്നയുടെ റിപ്പോർട്ടിൽ സിംഗിൾ ഡൂട്ടി വ്യാപകമാക്കണമെന്നാണ് നിർദ്ദേശിച്ചത്. പിരിച്ചുവിട്ട എം-പാനൽ കണ്ടക്ടർമാരെ തിരിച്ചെടുക്കാൻ കോടതി ഉത്തരവ് തടസമാണ്. മാത്രമല്ല, പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം നടക്കുന്നതിനാൽ പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കുന്നത് പ്രായോഗികമല്ലെന്ന് സർക്കാരിനും സമരക്കാർക്കും അറിയാം.
സർക്കാരിന്റെ നിഷേധം
തൊഴിലാളികൾക്ക് ശമ്പള വർദ്ധന സന്തോഷകരമാണ്. എന്നാൽ ശമ്പള വർദ്ധനവിന് സാമ്പത്തിക സഹായത്തിനായി എം.ഡി ടോമിൻ തച്ചങ്കരി സർക്കാരിന് കത്ത് നൽകിയപ്പോൾ വരുമാനം കൂട്ടി അതിനുള്ള വക കണ്ടെത്തണമെന്നായിരുന്നു ധനവകുപ്പിന്റെ മറുപടി. സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുത്ത് ആ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്ന പദ്ധതിയും കോർപറേഷൻ നൽകിയിരുന്നു അത് ഗതാഗത വകുപ്പ് തന്നെ തള്ളി.
സമരക്കാർക്ക് പ്രോത്സാഹനം
തൊഴിലാളികളിൽ പകുതിയിലധികവും സി.ഐ.ടി.യുവിന്റെ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷനാണ്. ഐ.എൻ.ടി.യു.സി യൂണിയനായ ടി.ഡി.എഫിനാണ് രണ്ടാം സ്ഥാനം. സംയുക്ത സമരസമതി സമരം നടത്തുമ്പോൾ ഉദ്ഘാടകർ സി.പി.എം, സി.പി.ഐ നേതാക്കളായിരിക്കും. അവരാകട്ടെ മൈക്കിലൂടെ സ്വന്തം സർക്കാർ നിയോഗിച്ച എം.ഡിയെ രൂക്ഷമായി വിമർശിക്കും. ജീവനക്കാർ കൈയ്യടിക്കും.
കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ സർക്കാർ നയമാണെന്ന് തുറന്നു പറയാൻ ആരും തയ്യാറുമല്ല.
കഴിഞ്ഞ റഫറണ്ടത്തിലെ കണക്ക്: കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ 50.93%, ടി.ഡി.എഫ് 27.63%