മുടപുരം: മലയാളത്തിന്റെ നിത്യ വസന്തം പ്രേംനസീറിന്റെ 30-ാം ചരമവാർഷികത്തിന്റെ ഭാഗമായി കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും മുടപുരം പ്രേംനസീർ സ്മാരക ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെയും ആഭിമുഖ്യത്തിൽ പ്രേംനസീർ അനുസ്മരണ സമ്മേളനങ്ങൾ നടന്നു. കൂന്തള്ളൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പ്രേംനസീർ അനുസ്മരണവും പ്രതിഭാ പ്രഭാതവും ഫിലിം ഫെസ്റ്റിവലും ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യ പ്രഭാഷണവും മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി. അനിലാൽ, പ്രേംനസീർ അനുസ്മരണ പ്രഭാഷണവും നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ സാംബശിവൻ, പി.ടി.എ വൈസ് പ്രസിഡന്റ് എ. ജഹാംഗീർ, സീനിയർ അസിസ്റ്റന്റുമാരായ ഷൂജമോൻ എസ്, ബിനു. എസ്, സ്റ്റാഫ് സെക്രട്ടറി വിനു.എസ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എസ്. സലീന സ്വാഗതവും പ്രിൻസിപ്പൽ ജസ്ലറ്റ് മേരി നന്ദിയും പറഞ്ഞു.
മുടപുരം പ്രേംനസീർ സ്മാരക ശാന്തി ആർട്സ് ക്ളബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള ഉണർവിന്റെ നേതൃത്വത്തിൽ പ്രേംനസീർ അനുസ്മരണവും പ്രതിമാസ ചർച്ചയും നടന്നു. വായനാശാല ഹാളിൽ ചെറുകഥാകൃത്ത് നസീം ചിറയിൻകീഴ് പ്രേംനസീർ അനുസ്മരണ പ്രഭാഷണം നടത്തി. രാജേന്ദ്രൻ, അഡ്വ. പി.കെ. ഗോപിനാഥൻ, അജിത്ത് ഉളിയാഴ്ത്തറ, തുളസീധരൻ, രാമചന്ദ്രൻ കരവാരം, സി.എസ്. ചന്ദ്ര ബാബു, രാജചന്ദ്രൻ, കിഴുവിലം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.