തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ 2017 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ കുത്തനെ ഉയർത്താൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
പ്രളയത്തെ തുടർന്ന് കർശന ചെലവ് ചുരുക്കൽ നടപടികൾക്കിടെയാണ് ഖജനാവിന് വൻബാദ്ധ്യത വരുത്തിവയ്ക്കുന്ന തീരുമാനം. ധനവകുപ്പിന്റെ നിർദ്ദേശാനുസരണമാണ് അലവൻസ് പരിഷ്കരിക്കുന്നത്.
യാത്രാ, ഇന്ധന അലവൻസുകളും വീട്ടുജോലിക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും കുത്തനെ ഉയർത്തി. ഉദ്യോഗസ്ഥരുടെ വീടുകളിലെ വൈദ്യുതിചാർജും വെള്ളക്കരവും പൂർണ്ണമായി സർക്കാർ വഹിക്കും. ബില്ല് ഹാജരാക്കിയാൽ തുകയുടെ പകുതി നൽകുന്നതായിരുന്നു ഇതുവരെയുള്ള കീഴ് വഴക്കം.
ഇവർക്ക് താമസത്തിന് തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ബംഗ്ലാവുകളും, സഞ്ചരിക്കാൻ ഔദ്യോഗിക വാഹനങ്ങളും മറ്റു സംവിധാനങ്ങളും ഇപ്പോൾ തന്നെയുണ്ട്.ഏഴാം ശമ്പളകമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പരിധിയില്ലാത്ത
ആനുകൂല്യങ്ങൾ
ടൂർ അലവൻസായി ഗ്രേഡ് അനുസരിച്ച് 3000 രൂപ മുതൽ 12,000രൂപ വരെ ലഭിക്കും. ബില്ല് നൽകേണ്ട.
വീട്ടിലെ ഓഫീസ് അറ്റൻഡർക്ക് പരിധിയില്ലാതെ അലവൻസ് നൽകാം. നിലവിൽ 3000 രൂപയായിരുന്നു.
സ്വകാര്യ ആവശ്യത്തിന് പരിധിയില്ലാതെ ഇന്ധനം വാങ്ങാം. 3000രൂപയോ, 50 ലിറ്ററോ- ഏതാണോ കൂടുതൽ അതാണ് നൽകിവന്നത്.
വീട്ടിൽ സുരക്ഷാജോലിക്കായി മൂന്നു ഹോം ഗാർഡുകളെയും രണ്ട് സെക്യൂരിറ്റി ഗാർഡുകളെയും അനുവദിക്കും.
പഠനത്തിന് നാലു വർഷംവരെ അവധി നൽകും.
നിലവിലെ ശമ്പളം
തുടക്കക്കാരനായ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് 56000 രൂപയാണ് അടിസ്ഥാനശമ്പളം. ഡി.എയും ടി.എയും ചേരുമ്പോൾ ഒരു ലക്ഷത്തോളം.
കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് പ്രതിമാസം രണ്ടര ലക്ഷം രൂപ.