പാലോട്: കുശവൂർ ജംഗ്‌ഷനിലെ കൈത്തോടിന് കൈവരിയില്ലാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. നിത്യേനെ നൂറുകണക്കിന് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നതിനു പിറകിലാണ് റോഡിൽ നിന്നും പത്തടിയിലേറെ താഴ്‌ചയിലുള്ള കൈത്തോട്. യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസുകൾ നിർത്തുമ്പോൾ തലനാരിഴയ്‌ക്കാണ് പലരും തോട്ടിൽ വീഴാതെ രക്ഷപ്പെടുന്നത്.
ജംഗ്‌ഷനിൽ നെടുമങ്ങാട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനു സമീപമാണ് അപകടം പതിയിരിക്കുന്നത്. റോഡ് വികസനം ലക്ഷ്യമാക്കി ജില്ലാപഞ്ചായത്ത് അമ്പത് ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും കൈവരി നിർമാണം ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. തോടിനു മീതെ കോൺക്രീറ്റ് മേൽമൂടി നിർമിച്ച് ടൈൽ പാകി നടപ്പാത ഒരുക്കലാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി തോട് കൈയേറി നിർമാണം ആരംഭിച്ച കോൺക്രീറ്റ് സ്ളാബ് തകർന്നു വീണത് വിവാദമായിരുന്നു. കോൺക്രീറ്റിനു വേണ്ടി തയാറാക്കിയ തട്ടുപലകകൾ ബലപ്പിച്ചിരുന്ന തൂണുകൾ വെള്ളത്തിൽ ഒലിച്ചു പോവുകയായിരുന്നു. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോട്ടിൽ കോൺക്രീറ്റ് ഭിത്തികൾ നിർമിച്ചതോടെ ഒഴുക്ക് തടസപ്പെട്ടിട്ടുണ്ട്. തോട്ടിൽ വെള്ളമുയർന്ന് വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് ജംഗ്‌ഷനിൽ സ്ഥിരം കാഴ്‌ചയാണ്.
അശാസ്ത്രീയമായ മേൽമൂടി നിർമാണം നടപ്പിലാവുന്നതോടെ തോട് തീരെ ഇടുങ്ങി ഒഴുക്ക് പൂർണമായും തടസപ്പെടുമെന്ന് നാട്ടുകാർ ആശങ്കയിലാണ്. എതിർപ്പ് ശക്തമായതോടെ മേൽമൂടി നിർമ്മാണം നിറുത്തി വച്ച അധികൃതർ യാത്രക്കാരുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. തോടിനു കൈവരി നിർമിച്ച് അപകടാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
തോടിനു കൈവരി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്. കാൽനടക്കാർ തെന്നി വീഴാതിരിക്കാൻ തോടിന്റെ വശത്ത് വേലി നാട്ടിയിരുന്നെങ്കിലും കാലപ്പഴക്കത്താൽ നശിച്ചു. വേലിയുടെ മീതെ രാഷ്ട്രീയപാർട്ടികളും വിവിധ സംഘടനകളും പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കയാണിപ്പോൾ. ഒറ്റ നോട്ടത്തിൽ ബോർഡിനു പിറകിലെ അപായക്കെണി ശ്രദ്ധയിൽപ്പെടാറില്ല. നിന്ന് കാൽ കഴയ്‌ക്കുമ്പോൾ വേലിയിലും ബോർഡിലും ചാരി നിന്നാൽ തോട്ടിൽ പതിക്കുമെന്നതിൽ തർക്കമില്ല.