തിരുവനന്തപുരം: പനത്തുറ ക്ഷേത്രത്തിലെ കാവടി ഉത്സവാഘോഷത്തിനിടെ പൂന്തുറ സ്വദേശി വിജയമ്മയുടെ മാലയും പഴ്സും കവർന്ന കേസിൽ രണ്ട് പേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ചെന്നെെ സ്വദേശിനികളായ അർച്ചന (34), ലത (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഘോഷയാത്രയ്ക്കിടെ അമ്പലത്തറയിൽ വച്ച് വിജയമ്മയോട് സൗഹൃദം സ്ഥാപിച്ച ഇവർ പഴ്സും ഒന്നേ മുക്കാൽ പവനോളം വരുന്ന സ്വർണമാലയും കവർന്നെടുക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതികളുടെ വസ്ത്രവും രൂപവും തിരിച്ചറിഞ്ഞാണ് ക്ഷേത്ര പരിസരത്ത് നിന്നു ഇവരെ പിടികൂടിയത്. തൊണ്ടി മുതൽ കണ്ടെടുത്തിട്ടുണ്ട്. ഉത്സവ സമയങ്ങളിൽ മോഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.