വെള്ളറട: സ്ത്രീ സൗഹൃദറോഡുകൾ നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചുവെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിക്കുവാനും അഴിമതി രഹിതമാക്കാനും സർക്കാരിന് കഴിഞ്ഞു. അമ്പൂരിയിൽ നാലു കോടിരൂപ ചെലവഴിച്ച് നിർമ്മിച്ച ആറാട്ടുകുഴി അമ്പൂരി - നെയ്യാർഡാം റോഡിന്റെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനവും മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കണ്ടംതിട്ട ദൈവപ്പുര റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മധു, വികസകാര്യ ചെയർപേഴ്സൺ ചിറയക്കോട് വിജയൻ, ക്ഷേമകാര്യ ചെയർപേഴ്സൺ വത്സല രാജു, ആരോഗ്യവിദ്യാഭ്യാസ ചെയർപേഴ്സൺ ലത സുരേന്ദ്രൻ സംസാരിച്ചു. ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എൻജിനിയർ ജി. ഉണ്ണികൃഷ്ണൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷാജി സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനിയർ കെ.ആർ. ബിജു നന്ദിയും രേഖപ്പെടുത്തി.