തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ മിനിമം മാർക്കില്ലാത്തവർക്കും മാനേജ്മെന്റ് സീറ്റുകളിൽ പ്രവേശനം നൽകുന്ന കാര്യം പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്റി ഡോ.കെ.ടി ജലീൽ. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല.
നിലവിൽ സ്വകാര്യ- സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ പകുതി സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിവുള്ള മാനേജ്മെന്റ് സീറ്റുകളിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 50 ശതമാനം മാർക്കുള്ള, ഇതര സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും കുട്ടികൾക്ക് പ്രവേശനം നൽകാൻ കഴിയുമോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്.
ഇവർക്ക് സംസ്ഥാന പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനം നേടാൻ തടസമുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ ഇവർക്ക് പ്രവേശം നൽകുന്ന കാര്യം പ്രവേശന പരീക്ഷാ പരിഷ്‌ക്കരണ കമ്മിറ്റിയുടെ ശുപാർശകൾ കൂടി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്റി പറഞ്ഞു.
നിലവിലെ പ്രവേശന പരീക്ഷ തുടരും. മികച്ച വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളിൽ മെരിറ്റിൽ പ്റവേശനം ഉറപ്പുവരുത്തുന്നതിന് ഇത് അനിവാര്യമാണ്. എന്നാൽ പോളിടെക്നിക് കോളേജുകളിൽ യോഗ്യതാപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.