1

വിഴിഞ്ഞം: കൊച്ചി മുനമ്പത്തെ മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന തമിഴ്‌നാട് സ്വദേശി ശ്രീകാന്തന്റെ തിരുവനന്തപുരം വെങ്ങാനൂർ പരുത്തിവിളയിലെ വീട്ടിൽ നിന്ന് കംപ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെ നിർണായക തെളിവുകൾ അടങ്ങിയ വസ്തുക്കൾ അന്വേഷണസംഘം കണ്ടെടുത്തു.

ശ്രീകാന്തന്റെ ബന്ധുവിന്റെ പാസ്പോർട്ട്,​ ബാങ്ക് പാസ് ബുക്കുകളുടെ പകർപ്പുകൾ,​ പണയ രേഖകൾ,​ അഞ്ച് മൊബൈൽ ഫോണുകൾ, ശ്രീലങ്കൻ നാണയങ്ങൾ, സ്ത്രീകൾ അടക്കമുള്ളവരുടെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന വലിയ ബാഗുകൾ എന്നിവ പൊലീസിനു ലഭിച്ചിട്ടുണ്ട്. തമിഴ് വംശജനായ ശ്രീകാന്തൻ ശ്രീലങ്കയിൽ നിന്ന് കുടിയേറിപ്പാർത്തതാണെന്നാണ് നിഗമനം.

സംഭവത്തിൽ കസ്റ്റഡിയിലുള്ള കോവളം പനങ്ങോട് സ്വദേശി അനിൽകുമാറിൽ നിന്നാണ് കൂട്ടാളിയായ ശ്രീകാന്തനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ശ്രീകാന്തന്റെ അടച്ചിട്ടിരുന്ന വീടിന്റെ പൂട്ടു പൊളിച്ചാണ് ഇന്നലെ കൊച്ചി കുന്നത്തുനാട് എസ്. ഐ ദിലീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

രാവിലെ അനിൽകുമാറിന്റെ വീട് റെയ്ഡ് ചെയ്ത അന്വേഷണസംഘം കോവളത്തെ സ്വകാര്യ ബാങ്കിലും പണമിടപാട് കേന്ദ്രത്തിലുമെത്തി രേഖകൾ പരിശോധിച്ചു. കോവളം പ്രദേശത്ത് പലിശ ബിസിനസ് നടത്തിയിരുന്ന അനിൽകുമാറിന്റെ സാമ്പത്തിക ഇടപാടുകൾ അറിയുകയായിരുന്നു ലക്ഷ്യം. ശ്രീകാന്തന് പരുത്തിവിളയിൽ വീടു വാങ്ങാൻ ഇടനിലക്കാരനായ പ്രദേശവാസിയെ പൊലീസ് ചോദ്യം ചെയ്തു. ശ്രീകാന്തന്റെ ബന്ധുക്കൾ ഉച്ചക്കട നന്നംകുഴി ഭാഗത്ത് വീടു വാടകയ്ക്ക് എടുത്തിരുന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെയും പരിശോധന നടത്തി.

മൂന്നു വർഷം മുൻപാണ് ശ്രീകാന്തൻ വെങ്ങാനൂ‌ർ പരുത്തിവിളയിൽ 30 ലക്ഷം രൂപയ്ക്ക് ഇരുനില വീട് വാങ്ങിയത്. തനിക്ക് തുണി ബിസിനസ് ആണെന്നാണ് സമീപവാസികളോട് പറഞ്ഞിരുന്നതെങ്കിലും തങ്ങൾക്ക് അക്കാര്യത്തിൽ സംശയമുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.

ഇന്നലത്തെ പരിശോധനയിൽ വീടിന്റെ നാലു മുറികളും പ്രധാന ഹാളിലും എൽ.ഇ.ഡി ടിവികൾ കണ്ട് പൊലീസ് തന്നെ അമ്പരന്നു. ഇതിനു പുറമേ,​ കവർ പൊട്ടിക്കാത്ത രണ്ട് ടിവികളും വീട്ടിൽ കണ്ടെത്തി. രണ്ടുലക്ഷം രൂപയുടെ സ്വർണ പണയ ഇടപാടിന്റെ രേഖകളും പൊലീസ് കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ശ്രീകാന്തനു പുറമേ,​ പിതാവും ഭാര്യയുടെ മാതാവും മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മകളുമാണ് ഇവിടെ താമസിച്ചിരുന്നത്.

സമീപവാസികളോട് അധികം ഇടപെടാറില്ലാത്ത ശ്രീകാന്തന്റെ വീട്ടിലേക്ക് സ്ത്രീകൾ ഉൾപ്പെടെ ധാരാളം പേർ വന്നുപോയിരുന്നതായി സമീപവാസികൾ പറയുന്നു. ജനുവരി ഏഴിന് സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം ഇരുപതോളം പേർ ഇവിടെ ഉണ്ടായിരുന്നതായും,​ രാത്രി 9.30നു ശേഷം ഒരു ടെമ്പോ ട്രാവലർ വീടിനു സമീപം വളരെ നേരം കിടന്നിരുന്നതായും പരിസരവാസികൾ പൊലീസിന് മൊഴി നൽകി. നഗരത്തിലെ പ്രമുഖ വസ്ത്രശാലയിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ വസ്ത്രങ്ങൾ വാങ്ങിയതിന്റെ,​ വൻ തുകയ്ക്കുള്ള ബില്ലും പൊലീസിനു കിട്ടി.