കുളത്തൂർ: എട്ടുദിവസമായി കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. ആറ്റിപ്ര, കുഴിവിള, കല്ലിംഗൽ, അരശുംമൂട്, കുളത്തൂർ, ശിവജിനഗർ, സൗത്ത് മൺവിളയിലെ ആലുംകുഴിവിള, തൃപ്പാദപുരം, കാട്ടിൽ സ്‌കൂൾ തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കുടിവെള്ളം മുടങ്ങിയത്. പലതവണ പരാതിപറഞ്ഞിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്തതിനെത്തുടർന്നാണ് നാട്ടുകാർ വാർഡ് കൗൺസിലർ സുനിചന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ പോങ്ങുംമൂട്ടിലെ വാട്ടർ അതോറിട്ടി ഓഫീസിൽ പ്രതിഷേധവുമായി എത്തിയത്.
കുടിവെള്ളം ലഭിക്കാത്തതിനെക്കുറിച്ച് പരാതിപ്പെടുമ്പോൾ അരുവിക്കരയിൽ നിന്ന് മൺവിള വാട്ടർടാങ്കിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്കിൽ കുറവ് അനുഭവപ്പെട്ടതാണ് കാരണമെന്നും നീരൊഴുക്ക് കൂടുന്ന മുറയ്ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. പകരം സംവിധാനമൊരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുകയും സമീപ പ്രദേശങ്ങളിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഈ ദിവസങ്ങളിൽ വെള്ളം യഥേഷ്ടം ലഭിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. വാട്ടർ അതോറിട്ടി ഓഫീസിൽ പ്രതിഷേധിച്ച നാട്ടുകാർ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയറുടെ മുറിയിൽ കുത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിലാണ് ഇന്ന് അർദ്ധരാത്രിയോടെ പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയത്.