നെടുമങ്ങാട്: ബൈക്കിലെത്തിയ ആൾ കെ.പി.എം.എസ് പേരുമല ശാഖാമന്ദിരത്തിന് നേരെ പടക്കമെറിഞ്ഞു. ഓഫീസിന്റെ മേൽക്കൂരയ്ക്ക് കേടുപാടുണ്ട്. ബൈക്കിലെത്തിയ അക്രമി പ്രഹരശേഷി കൂടിയ പടക്കം ഓഫീസിന് മുന്നിൽ വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. സ്‌ഫോടന ശബ്ദംകേട്ട് പരിസരവാസികൾ ഓടിയെത്തി ബൈക്കിനെ പിന്തുടർന്നെങ്കിലും അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. ഒരു വർഷത്തിനിടെ ഓഫീസിനു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് കെ.പി.എം.എസ് നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് മുക്കോല ശശിയും യൂണിയൻ സെക്രട്ടറി പേരുമല മധുവും പറഞ്ഞു. ശാഖാ പ്രവർത്തകനായ രാഹുലിനെ ജെ.ടി.എസിന് സമീപത്തുവച്ച് ഒരുസംഘം കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. മുമ്പ് പേരുമല ഓഫീസ് ആക്രമിച്ച സംഭവത്തിലെ പ്രതിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് കെ.പി.എം.എസ് ഭാരവാഹികൾ ആരോപിച്ചു. വനിതാ മതിലിൽ പങ്കെടുത്തതിന്റെ പേരിൽ സംഘടനയ്ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാവുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിന്റെയും ജില്ലാകമ്മിറ്റിഅംഗം മരുതൂർ സന്തോഷിന്റെയും നേതൃത്വത്തിൽ നേതാക്കൾ പേരുമല ഓഫീസ് സന്ദർശിച്ചു. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.