aeerst

മലയിൻകീഴ്: ഐ.ബി. സതീഷ് എം.എൽ.എയുടെ കാട്ടാക്കട മാറനല്ലൂർ കൊറ്റംപള്ളി പേരൂർക്കോണത്തുള്ള കുടുംബ വീടായ ' അശ്വതി ' കുത്തിത്തുറന്ന് കവർച്ച നടത്തുകയും വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്‌ത മോഷ്ടാവ് അറസ്റ്റിൽ. കൊറ്റംപള്ളി കരിങ്ങൽ ക്ഷേത്രത്തിന് സമീപം കണ്ടൻകുളങ്ങര റോഡരികത്ത് വീട്ടിൽ കൊക്ക് ഷാജി എന്ന ഷാജി (40) ആണ് മാറനല്ലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. വീടിന്റെ മുൻവശത്തെ ഗ്രില്ലിന്റെ പൂട്ട് അടിച്ചുതകർത്ത് എല്ലാ മുറികളുടെയും വാതിലുകളും അലമാരകളും കുത്തിത്തുറക്കുകയും വാഷ് ബേസിനുകൾ തല്ലിത്തകർക്കുകയും ചെയ്‌ത നിലയിലാണ്. പൈപ്പുകളും ടാപ്പുകളും കുളിമുറികളിലുണ്ടായിരുന്ന ഷവറുകളും ഇളക്കിയെടുത്ത നിലയിലായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തലസ്ഥാനത്ത് താമസിക്കുന്ന എം.എൽ.എ ആഴ്ചയിൽ രണ്ട് ദിവസം ഇവിടെ തങ്ങാറുണ്ട്. എം.എൽ എയുടെ ബന്ധുവായ ഡോക്ടറുടെ വീടിന്റെ വാതിലിന്റെ പൂട്ടും തകർത്ത നിലയിൽ കണ്ടെത്തി. ഇവിടെയും കുളിമുറിയിലെ ഷവർ ഇളക്കിക്കൊണ്ട് പോയിട്ടുണ്ട്. സംഭവമറിഞ്ഞ് റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഇയാളെ റിമാൻഡ് ചെയ്‌തു.