തിരുവനന്തപുരം: ലോക്‌സഭയിലേക്ക് താൻ മത്സരിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി വ്യക്തമാക്കി. എം.എൽ.എമാർ മൽസരിക്കുന്ന കാര്യം ഇതുവരെ പാർട്ടി തീരുാമനിച്ചിട്ടില്ലെന്നും ഇന്നലെ വാർത്താലേഖരോട് അദ്ദേഹം പറഞ്ഞു.
എന്നോട് മത്സരിക്കാൻ ഹൈക്കമാൻഡ് പറയുമെന്ന് കരുതുന്നില്ല. ലോക്‌സഭയിലേക്ക് മത്സരിക്കാൻ കഴിവും ജനസമ്മതിയുമുള്ള നേതാക്കൾ ധാരാളമുണ്ട്. ഞാൻ പണ്ടത്തെയത്രയും പോലും ഡൽഹിക്ക് പോകുന്നില്ല. ആന്ധ്രയ്ക്ക് പോകുന്നുണ്ട്. രാഹുൽഗാന്ധിയുടെ ദുബായ് സന്ദർശനം വൻ വിജയമായത് എന്റെ നേട്ടമല്ല. രാഹുലിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് കാരണം. മലയാളി പങ്കാളിത്തം കൂടുതലായത് അവിടെയുള്ള സംഘടനകളുടെ പ്രവർത്തനം കൊണ്ടാണ്. എല്ലാ വിഭാഗത്തിന്റെയും പിന്തുണ ലഭിച്ചു.
കൊല്ലം ബൈപ്പാസ് സംബന്ധിച്ച് അവകാശവാദത്തിനില്ല. സത്യവും യാഥാർത്ഥ്യവും ജനങ്ങൾക്കറിയാം. മുടങ്ങിക്കിടന്ന കൊല്ലം, ആലപ്പുഴ ബൈപ്പാസുകളുടെ പണിയാരംഭിച്ചത് യു.ഡി.എഫ് സർക്കാരാണ്. കോഴിക്കോട് ബൈപ്പാസ് പൂർത്തീകരിച്ചതും യു.ഡി.എഫാണ്. മെറ്റീരിയൽസ് ലഭിച്ചില്ലെന്ന കാരണത്താൽ കൊല്ലം ബൈപ്പാസിന്റെ നിർമ്മാണം പത്ത് മാസം വൈകിപ്പിച്ചതാണ് ഇടതു സർക്കാരിന്റെ നേട്ടം.
വികസനപദ്ധതികൾ പൂർത്തീകരിച്ചെന്നാണ് പ്രധാനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്. ഗെയ്ൽ പൈപ്പ്ലൈനും ഉദാഹരണമായി ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സർക്കാർ സ്ഥലമേറ്റെടുത്തതിനാൽ പണി പൂർത്തിയാക്കി. എന്തുകൊണ്ട് ചേർത്തല- കഴക്കൂട്ടം ദേശീയപാതാ വികസനത്തിന് സർക്കാർ ഭൂമി ഏറ്റെടുക്കുന്നില്ലെന്ന് പറയണം. കേരളത്തിൽ വികസനത്തിനായി സ്ഥലമേറ്റെടുപ്പ് എന്നും പ്രശ്നമാണ്. ജനങ്ങൾ സഹിക്കുന്ന ത്യാഗമാണ് ഭൂമിയേറ്റെടുക്കൽ.