മലയിൻകീഴ്: പെൻപോളിന്റെ സമ്മാനമായി വിളപ്പിൽ ആശുപത്രിക്ക് പുതിയ ലാബ്. പുളിയറക്കോണത്തെ സ്വകാര്യ രക്തബാഗ് നിർമ്മാതാക്കളായ ടെറുമോ പെൻപോളാണ് 12.50 ലക്ഷം ചിലവഴിച്ച് ആശുപത്രിയിലെ ലാബിന് അത്യാധുനീക ഉപകരണങ്ങൾ വാങ്ങി നൽകിയത്. ഓട്ടോമറ്റിക് ബയോകെമിസ്ട്രി അനലൈസർ, പ്രിന്റർ, ഡിസ്റ്റിലറി വാട്ടർ ഉത്പാദന യന്ത്രം, ഹെമർറ്റോളജി സെമി അനലൈസർ, സിറോളജി തുടങ്ങിയ ഉപകരണങ്ങളാണ് പുതിയ ലാബിൽ സജ്ജീകരിച്ചിട്ടുള്ളത്. ലാബ് പ്രവർത്തനം ആരംഭിക്കുന്നതോടെ ടെങ്കു, എലിപ്പനി, ചെള്ളുപനി, വൃക്കയുടെയും കരളിന്റേയും പ്രവർത്തനങ്ങൾ, കൊളസ്ട്രോളിന്റെ വിവിധ ഘടകങ്ങൾ എന്നിവയൊക്കെ ഇനി വിളപ്പിൽശാല ആശുപത്രിയിൽ സൗജന്യ നിരക്കിൽ പരിശോധിക്കാം.
ആശുപത്രിക്ക് ലാബ് വേണമെന്ന ആവശ്യവുമായി പെൻപോളിനെ സമീപിച്ചത് സന്നദ്ധ സംഘടനയായ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റാണ്. പ്രതീക്ഷ പ്രസിഡന്റ് വിളപ്പിൽരാധാകൃഷ്ണൻ, ഹെൽത്ത് സൂപ്പർവൈസർ സുശീൽ കുമാർ എന്നിവർ ലാബ് സന്ദർശിച്ച് നിർമ്മാണ പുരോഗതികൾ വിലയിരുത്തി. അടുത്ത മാസം ആദ്യം ലാബ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാവുമെന്ന് വിളപ്പിൽ രാധാകൃഷ്ണൻ അറിയിച്ചു.