sbi-attack-

തിരുവനന്തപുരം: സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്റെ ദ്വിദിന ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ മെയിൻ ശാഖയിൽ അതിക്രമം കാട്ടിയതിന് കഴിഞ്ഞ ദിവസം റിമാൻഡിലായ ആറ് സർക്കാർ ജീവനക്കാരെയും സസ്പെൻഡ് ചെയ്യാൻ അതത് വകുപ്പുകളോട്‌ പൊലീസ്‌ ശുപാർശ ചെയ്തു. ജി.എസ്.ടി വകുപ്പിലെ എസ്റ്റാബ്ലിഷ്‌മെന്റ് ഇൻസ്പെക്ടർ സുരേഷ് ബാബു, നികുതി വകുപ്പിലെ ഇൻസ്പെക്ടർ സുരേഷ്, ട്രഷറി ഡയറക്ടറേ​റ്റിലെ ഉദ്യോഗസ്ഥൻ ശ്രീവത്സൻ, ആരോഗ്യ വകുപ്പ് ജീവനക്കാരായ ബിജുരാജ്, വിനുകുമാർ, സിവിൽ സപ്ലൈസ് വകുപ്പിലെ അനിൽകുമാർ എന്നിവരാണ് റിമാൻഡിലുള്ളത്. ഇവരെ 28വരെയാണ് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്(3) റിമാൻഡ്‌ ചെയ്തത്.

നേരത്തേ റിമാൻഡിലായ ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്ക് ‌അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേ​റ്റിലെ അറ്റൻഡർ ഹരിലാൽ എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

സുരേഷ് ബാബുവാണ് അക്രമം ആസൂത്രണം ചെയ്തതെന്നും ജി.എസ്.ടി വകുപ്പിലെ സുരേഷാണ് ഓഫീസ് അടിച്ചുപൊളിച്ചതെന്നും പൊലീസ് വ്യക്തമാക്കി. എല്ലാവർക്കുമെതിരെ പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, ചീത്തവിളിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 9 പ്രതികളിൽ 8പേർ പിടിയിലായി. പ്രതിചേർക്കപ്പെട്ട നികുതി വകുപ്പ് ഉദ്യോഗസ്ഥൻ അജയകുമാർ അക്രമി സംഘത്തിലുണ്ടായിരുന്നില്ലെന്നാണ് പ്രതികളുടെ മൊഴി. ഇതേക്കുറിച്ച് അന്വേഷിക്കാൻ അജയകുമാറിന്റെ മൊബൈൽ ടവർ വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു.

റിമാൻഡിലായവർ, എസ്.ബി.ഐക്കുള്ള നഷ്ടപരിഹാരം കോടതിയിൽ കെട്ടിവച്ചിട്ടുണ്ടെന്ന് കന്റോൺമെന്റ് സി.ഐ പറഞ്ഞു. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കേസ് ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഇടത് നേതാക്കൾ സമീപിക്കുന്നതായി എസ്.ബി.ഐ അധികൃതർ അറിയിച്ചു. കേസിൽ ശിക്ഷിക്കപ്പെട്ടാൽ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് പ്രതികളുടെ അപേക്ഷ.