bar-employees

തിരുവനന്തപുരം: മദ്യനയത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർഹോട്ടൽ തൊഴിലാളികൾക്ക് 'സുരക്ഷ സ്വയം തൊഴിൽ പദ്ധതി ' നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2015ന് ശേഷം ലൈസൻസ് ലഭിച്ച ബാർഹോട്ടലുകളിലും (എഫ്.എൽ-3), ബിയർപാർലറുകളിലും (എഫ്.എൽ-11) വീണ്ടും ജോലി ലഭിച്ചവർ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹരല്ല.

കേരള സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുകയെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. ആവശ്യമെങ്കിൽ സംരംഭകർക്ക് വ്യവസായ പരിശീലന വകുപ്പ് വഴി പരിശീലനം ലഭ്യമാക്കും. പദ്ധതി നടത്തിപ്പിന് ആവശ്യമായ തുക, ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില്‌പന നികുതിയിൽ ഏർപ്പെടുത്തിയിരുന്ന അഞ്ച് ശതമാനം സെസിലൂടെ സമാഹരിച്ചിട്ടുള്ള തുകയിൽ നിന്ന് ക്ഷേമനിധി ബോർഡിന് നൽകും.

അപേക്ഷകർ അബ്കാരി ക്ഷേമനിധി അംഗങ്ങളോ, എംപ്ളോയിസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരോ ആയിരിക്കണം. ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകളിൽ ഒരു മാസത്തിനുള്ളിൽ ബോർഡ് തീരുമാനമെടുക്കണം. സ്വയംതൊഴിൽ സംരംഭങ്ങൾക്ക് അഞ്ച് വർഷ കാലയളവിൽ 3 ലക്ഷം രൂപ വരെ വായ്‌പ നൽകും. ഇതിൽ 50,000 രൂപ സബ്സിഡിയാവും. വായ്പാ തുക നാല് ശതമാനം പലിശയോടെ 5 വർഷത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി. ഒന്നര ലക്ഷം രൂപവീതം രണ്ട് തുല്യഗഡുക്കളായാണ് പണം നൽകുക.

ആദ്യ ഗഡു ലഭിച്ച് ആറുമാസത്തിനു ശേഷം തുല്യ മാസ ഗഡുക്കളായി വായ്‌പാ തുക തിരിച്ചടയ്ക്കാം.