lenin-rajendran

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് നവഭാവുകത്വവും കാഴ്ചയുടെ ഋതുഭേദങ്ങളും സമ്മാനിച്ച സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ ഇനി ആരാധകഹൃദയങ്ങളിൽ കണ്ണീർ നനവുള്ള ഓർമ്മ. തിങ്കളാഴ്ച അന്തരിച്ച ലെനിൻ രാജേന്ദ്രന്റെ സംസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്‌കാരം.
ഇന്നലെ രാവിലെ പത്തരയോടെ കവടിയാർ പണ്ഡിറ്റ് കോളനിയിലെ വീട്ടിൽനിന്നും അലങ്കരിച്ച വാഹനത്തിൽ ഭൗതികശരീരം വിലാപയാത്രയായി പൊതുദർശനത്തിനായി യൂണിവേഴ്സിറ്റി കോളേജിലേക്ക് എത്തിച്ചു. തുടർന്ന് കലാഭവൻ തിയേറ്ററിലും പൊതുദർശനത്തിനു വച്ചു. സഹപാഠികളും, ചലച്ചിത്രപ്രവർത്തകരുമടക്കം സമൂഹത്തിലെ നാനാതുറയിൽപ്പെട്ട ആയിരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തി.
മന്ത്രിമാരായ എ.കെ.ബാലൻ, തോമസ് ഐസക്, കെ.കെ. ശൈലജ, ജെ.മേഴ്സിക്കുട്ടിഅമ്മ,ടി.പി.രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, പ്രൊഫ. സി.രവീന്ദ്രനാഥ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, സുരേഷ് ഗോപി,എം.എൽ.എമാർ, ചലച്ചിത്ര,രാഷ്ട്രീയ പ്രവർത്തകർ, ലെനിന്റെ ഭാര്യ ഡോ.രമണി, മക്കളായ ഡോ.പാർവതി, ഗൗതമൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
ശാന്തികവാടത്തിൽ സംസ്‌കാരച്ചടങ്ങിനുശേഷം നടന്ന അനുശോചന യോഗത്തിൽ മുൻമന്ത്രി എം.എ.ബേബി, സംവിധായകരായ ടി.വി.ചന്ദ്രൻ, കമൽ അടക്കമുള്ളവർ ലെനിൻ രാജേന്ദ്രനെ അനുസ്മരിച്ചു.
കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ലെനിൻ രാജേന്ദ്രന്റെ അന്ത്യം.