തിരുവനന്തപുരം: രോഗത്തെപറ്റിയും, അതിനുള്ള ചികിത്സയെപ്പറ്റിയും, ഉപയോഗിക്കുന്ന ചികിത്സാ ഉപകരണങ്ങളെപ്പറ്റിയും രോഗിക്ക് വ്യക്തമായ ധാരണ ഉണ്ടാക്കുന്നതിനായി ലോകാരോഗ്യ സംഘടന അംഗീകരിച്ച സർജിക്കൽ സേഫ്ടി ചെക്ക് ലിസ്റ്റ് സമ്പ്രദായം, സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ വരും. അനസ്‌തേഷ്യോളജി വിഭാഗത്തിന്റെയും ജനറൽ സർജറി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങ് തിങ്കളാഴ്ച രാവിലെ 8.30 ന് ആശുപത്രിയിലെ എ തിയേറ്ററിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു ഉദ്ഘാടനം ചെയ്യും. രോഗിയെ ശസ്ത്രക്രിയാ ടേബിളിൽ കിടത്തിയ ശേഷം സർജൻ, അനസ്‌തേഷ്യ നൽകുന്ന ഡോക്ടർ, നഴ്സ് എന്നിവരെല്ലാം പ്രത്യേകം പ്രത്യേകമായി രോഗവിവരങ്ങളും ചികിത്സയെയും പറ്റി പറയുകയും ചികിത്സയെന്തെന്ന് രോഗിക്ക് മനസിലാക്കാനായി ചില ചോദ്യങ്ങൾ അങ്ങോട്ടു ചോദിക്കുകയും ചെയ്യും. അവയെല്ലാം സർജിക്കൽ സേഫ്ടി ചെക്ക് ലിസ്റ്റിൽ മാർക്ക് ചെയ്ത ശേഷം മാത്രമാണ് ശസ്ത്രക്രിയ ആരംഭിക്കുക. അനുമതിയില്ലാതെ അവയവങ്ങൾ നീക്കം ചെയ്തുവെന്നതടക്കം ചികിത്സയെപ്പറ്റി രോഗികൾക്കുള്ള പരാതികളും തർക്കങ്ങളുമെല്ലാം പുതിയ സംവിധാനത്തിലൂടെ ഇല്ലാതാകും. ചെക്ക് ലിസ്റ്റിന്റെ പകർപ്പ് കേസ് ഷീറ്റിലും ഉൾപ്പെടുത്തും.