. കേരളം-ഗുജറാത്ത് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ ആവേശകരമായ നിലയിൽ
. കേരളം രണ്ടാം ഇന്നിംഗ്സിൽ 171ന് ആൾ ഒൗട്ട്
. ഗുജറാത്തിന് ലക്ഷ്യം 195 റൺസ്
. ആദ്യ ഇന്നിംഗ്സിൽ ഗുജറാത്ത് പുറത്തായത് 162 റൺസിന്
കൃഷ്ണഗിരി (വയനാട്) : വിക്കറ്റുകൾ പെരുമഴപോലെ പിഴുതുവീണ കൃഷ്ണഗിരിയിലെ പിച്ചിൽ ചരിത്രത്തിന്റെ ഉരുക്കുവാതിൽ കേരളത്തിന് മുന്നിൽ തുറക്കുമോ? ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ 10 വിക്കറ്റുകൾ 195 റൺസെടുക്കുന്നതിനുമുമ്പ് നേടിയെടുക്കാനായാൽ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിഫൈനലിൽ കളിക്കും. കഴിഞ്ഞ സീസണിൽ വിദർഭയോട് പൊരുതിത്തോറ്റ ഡേവ് വാറ്റ്മോറിന്റെ കുട്ടികൾക്ക് മുന്നിലുള്ളത് രണ്ടുദിനങ്ങളും ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുള്ള ഗുജറാത്തിന്റെ ബാറ്റിംഗ് നിരയുമാണ്.
ആദ്യ ഇന്നിംഗ്സിൽ 185 റൺസിന് ആൾ ഒൗട്ടായ കേരളം ഇന്നലെ ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 162 ൽ അവസാനിപ്പിച്ചതോടെയാണ് കളി ആവേശജനകമായത്. 23 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്നലെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 171 റൺസിന് വീണ്ടും ആൾ ഒൗട്ടായി. ഇതോടെയാണ് സന്ദർശകർക്ക് വിജയലക്ഷ്യമായി 195 റൺസ് കുറിക്കപ്പെട്ടത്.
രണ്ടാംദിനമായ ഇന്നലെ 97/4 എന്ന സ്കോറിലാണ് ഗുജറാത്ത് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. 65 റൺസ് കൂടി നേടുന്നതിനിടയിൽ അവരുടെ ആറുവിക്കറ്റുകളും കേരളം എറിഞ്ഞിട്ടു. നാല് വിക്കറ്റുകൾ വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്ന് വിക്കറ്റുകൾ വീതം നേടിയ ബേസിൽ തമ്പിയും എം.ഡി നിതീഷും ചേർന്നാണ് പ്രഗൽഭരടങ്ങിയ ഗുജറാത്തിന്റെ ബാറ്റിംഗ് നിരയെ തരിപ്പണമാക്കിയത്. 36 റൺസെടുത്ത റൂട്ട് കലാറിയ മാത്രമാണ് ഗുജറാത്ത് നിരയിൽ ഇന്നലെ പിടിച്ചുനിന്നത്. രാവിലത്തെ മൂന്നാം ഒാവറിൽ റുജുൽ ഭിനെ (14) എൽ.ബിയിൽ കുരുക്കി സന്ദീപാണ് ഇന്നലെ ആക്രമണം പുനരാരംഭിച്ചത്. തുടർന്ന് ധ്രുവ് റാവൽ (17) ബേസിലിന് മുന്നിൽ ക്ളീൻ ബൗൾഡായി. അക്ഷർ പട്ടേലിനെ (1) സന്ദീപ് ക്ളീൻ ബൗൾഡാക്കിയതോടെ ഗുജറാത്ത് 107/7 എന്ന നിലയിലാണ്. തുടർന്ന് നിതീഷിന്റെ ഉൗഴം. പിയൂഷ് ചൗള (10), ഗാജ (1), കലാറിയ (36) എന്നിവർ നിതീഷിന് കീഴടങ്ങിയതോടെ സന്ദർശകരുടെ ഇന്നിംഗ്സ് 162 ൽ അവസാനിക്കുകയായിരുന്നു.
തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 59 ഒാവറുകളാണ് ബാറ്റ് ചെയ്തത്. സിജോമോൻ ജോസഫിന്റെ (56), അർദ്ധസെഞ്ച്വറിയും ജലജ് സക്‌സേന (44 നോട്ടൗട്ട്), ക്യാപ്ടൻ സച്ചിൻ ബേബി (24), വിനൂപ് മനോഹരൻ (16) എന്നിവരുടെ പോരാട്ടവുമാണ് കേരളത്തെ 171 ൽ എത്തിച്ചത്. പി. രാഹുലും (10) മുഹമ്മദ് അസ്‌ഹറുദ്ദീനും (0) ചേർന്നാണ് ഒാപ്പണിംഗിനിറങ്ങിയത്. രണ്ടാം ഒാവറിൽത്തന്നെ ഗജ അസ്ഹറുദ്ദീനെ ഡക്കാക്കി. തുടർന്നിറങ്ങിയ സിജോമോൻ കാലുറപ്പിച്ചുപോരാടുന്നതിനിടെ രാഹുലിനെയും വിനൂപിനെയും സച്ചിൻ ബേബിയെയും വിഷ്ണു വിനോദിനെയും (9) നഷ്ടമായതോടെ കേരളം 96/5 എന്ന നിലയിലായി.
തുടർന്ന് ആറാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ജലജും സിജോമോനും ചേർന്ന് കൂട്ടിച്ചേർത്ത 53 റൺസ് കേരളത്തിന്റെ ഇന്നിംഗ്സിന് നട്ടെല്ലായി. 148 പന്തുകളിൽ എട്ട് ബൗണ്ടറികളടക്കം 56 റൺസ് നേടിയ സിജോമോനെ കലാറിയ ബൗൾ ഡാക്കിയതോടെ കളി വഴിത്തിരിവിലെത്തി. തുടർന്ന് ജലജ് ഒരറ്റത്ത് പൊരുതുന്നതിനിടെ വാലറ്റക്കാരായ ബേസിൽ തമ്പി (0), നിതീഷ് (0), സന്ദീപ് വാര്യർ (0) എന്നിവർ വരിവരിയായി ഡക്കായിമടങ്ങി. ആദ്യ ഇന്നിംഗ്സിൽ പരിക്കേറ്റ് മടങ്ങിയിരുന്ന സഞ്ജു സാംസൺ ഒറ്റക്കൈയുമായി ഒൻപത് പന്തുകൾ ജലജിന് കൂട്ടുനിന്നു. ഒടുവിൽ സഞ്ജുവും ഡക്കായതോടെ കേരളത്തിന്റെ ഇന്നിംഗ്സിന് കർട്ടൻ വീണു. 67 പന്തുകളിൽ ഏഴ് ബൗണ്ടറികളടക്കം നേടിയ 44 റൺസുമായി ജലജ് പുറത്താകാതെ നിന്നു.
ഗുജറാത്തിന് വേണ്ടി കലാറിയയും അക്ഷർ പട്ടേലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. നഗ്‌വാസ് വാലയ്ക്ക് രണ്ട് വിക്കറ്റുകൾ ലഭിച്ചു. ഗജയും പിയൂഷ് ചൗളയും ഒാരോ വിക്കറ്റ് സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സിൽ 195 റൺസ് ഗുജറാത്തിനെ സംബന്ധിച്ച് അത്ര ഇൗസിയായ ലക്ഷ്യമല്ല. ആദ്യ ഇന്നിംഗ്സിലേതുപോലെ മികച്ച ബൗളിംഗ് പ്രകടനം കേരളം പുറത്തെടുക്കുകയാണെങ്കിൽ കൃഷ്ണഗിരിയിൽ ചരിത്രം സൃഷ്ടിക്കപ്പെടും, തീർച്ച.
30
വിക്കറ്റുകളാണ് രണ്ടുദിവസംകൊണ്ട് കൃഷ്ണഗിരിയിൽ വീണത്.
14
വിക്കറ്റുകൾ ആദ്യദിനം വീണു.
16
വിക്കറ്റുകൾ രണ്ടാം ദിവസവും.