veed

മലയിൻകീഴ്:അച്ഛനും അമ്മയും നഷ്ടപ്പെട്ട സഹോദരിമാരായ അഞ്ജനയും നന്ദനയും ഇനി സ്വന്തം വീട്ടിലേയ്ക്ക്. അനാഥരായ ഇവർക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത് അന്തിയൂർക്കോണം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയായ 'മിത്ര'യാണ്. കുട്ടികൾ പണിപൂർത്തിയായ വീട്ടിലേയ്ക്ക് വെള്ളിയാഴ്ച താമസംമാറും.

ഒരു വർഷത്തോളമെടുത്താണ് പൂർവ വിദ്യാർത്ഥികൾ ദൗത്യം പൂർത്തിയാക്കുന്നത്.

അഞ്ജനയുടെയും നന്ദനയുടെയും പേരിൽ ചിറ്റിയൂർക്കോടുള്ള അഞ്ച് സെന്റ് ഭൂമിയിലാണ് വീട് നിർമ്മിച്ചത്. ചെറുപ്പത്തിലേ തന്നെ കുട്ടികൾക്ക് മാതാപിതാക്കൾ നഷ്ടമായിരുന്നു.

ഇവർക്ക് ഭൂമിയുണ്ടായിട്ടും വീടില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ട മലയിൻകീഴ് പഞ്ചായത്ത് വീട് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ചില കാരണങ്ങളാൽ നടന്നില്ല. ഈ സാഹചര്യത്തിലാണ് അന്തിയൂർക്കോണം സ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഘടന വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ രംഗത്തുവന്നത്. ഏഴു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 660 സ്‌ക്വയർഫീറ്റുള്ള വീട് നിർമ്മിച്ചത്. നാളെ ഉച്ചയ്ക്ക് 2ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ വീടിന്റെ താക്കോൽ ദാനം നടത്തും. സ്കൂൾ മാനേജർ ഫാ. ജോസഫ് അനിൽ മുഖ്യാതിഥിയായി പങ്കെടുക്കും.