ldfudf

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് ഇടത്, വലത് മുന്നണികൾ കടക്കുന്നു. ഇന്ന് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും യോഗങ്ങൾ പ്രധാനമായും ചർച്ച ചെയ്യുന്നത് തിരഞ്ഞെടുപ്പ് തന്ത്രങ്ങളാകും.

രാവിലെ 11ന് എ.കെ.ജി സെന്ററിൽ ചേരുന്ന ഇടതുമുന്നണി യോഗം തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള സംസ്ഥാനതല ജാഥ സംബന്ധിച്ച് തീരുമാനമെടുക്കും. തെക്കൻ, വടക്കൻ മേഖലാ ജാഥകളാണ് ആലോചനയിൽ. സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരാകും ജാഥകൾക്ക് നേതൃത്വം നൽകുക. മുന്നണി വിപുലീകരണത്തിന് ശേഷം ചേരുന്ന ആദ്യ നേതൃയോഗത്തിൽ പുതുതായെത്തിയ നാല് കക്ഷികൾക്ക് വരവേല്പ് നൽകും. വനിതാമതിലിനും ശബരിമല യുവതീപ്രവേശനത്തിനും ശേഷം ചേരുന്ന ആദ്യയോഗമെന്ന പ്രത്യേകതയുമുണ്ട്. വനിതാമതിലിന്റെ വിജയവും തുടർന്നുണ്ടായ സ്ഥിതിവിശേഷവും ചർച്ചയാകും. സീറ്റ് വിഭജനമടക്കമുള്ള വിഷയങ്ങളിലേക്ക് മുന്നണിയോഗം കടക്കില്ല. അത് ഉഭയകക്ഷി ചർച്ചകളിലൂടെ ധാരണയിലെത്തുന്നതാണ് ഇടതുമുന്നണിയിലെ രീതി. ജാഥയ്ക്ക് ശേഷമാകും അതിലേക്ക് കടക്കാൻ സാദ്ധ്യത.

രാവിലെ 10.30ന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് യു.ഡി.എഫ് യോഗം. സീറ്റ് വിഭജന ചർച്ചയിലേക്ക് ഔപചാരികമായി കടക്കാനാണ് ചില ഘടകകക്ഷികളുടെ തീരുമാനം. മുസ്ലിംലീഗ് വടകര, കോഴിക്കോട്, വയനാട് മണ്ഡലങ്ങളിൽ ഒന്ന് പുതുതായി ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കിയോ വയനാടോ ചോദിച്ച് മാണി ഗ്രൂപ്പും ഇടുക്കി ചോദിച്ച് ജേക്കബ് ഗ്രൂപ്പും രംഗത്തുണ്ട്. വീരേന്ദ്രകുമാറിന്റെ ജനതാദളിനൊപ്പമുണ്ടായവരും വീരേന്ദ്രകുമാർ മുന്നണി വിട്ടപ്പോൾ കൂടെ പോകാതിരുന്നവരുമായ ഒരു വിഭാഗം ജനതാദൾ-യു ആയി യു.ഡി.എഫിനോട് സഹകരിച്ച് നില്പുണ്ട്. ഇവരെ മുന്നണിയിലുൾപ്പെടുത്തി വിപുലീകരിക്കാൻ യോഗം തീരുമാനിച്ചേക്കും. പി.സി. ജോർജിന്റെ ജനപക്ഷം യു.ഡി.എഫിന്റെ ഭാഗമാക്കണമെന്ന് അഭ്യർത്ഥിച്ച് മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. ജോർജിനെ ഉൾപ്പെടുത്തുന്നതിനോട് മുന്നണിയിൽ ഭൂരിപക്ഷത്തിനും യോജിപ്പില്ല. അതുകൊണ്ടുതന്നെ ജോർജിന്റെ മുന്നണിപ്രവേശനം എളുപ്പമാവില്ലെന്നാണ് സൂചന. 23ന്റെ സെക്രട്ടേറിയറ്റ്, ജില്ലാ കളക്ടറേറ്റ് ഉപരോധത്തിന്റെ ഒരുക്കങ്ങളും ചർച്ച ചെയ്തേക്കും. കെ.പി.സി.സി പ്രസിഡന്റിന്റെ സംസ്ഥാനജാഥയും ചർച്ചയ്ക്ക് വരാം. യു.ഡി.എഫ് എന്ന നിലയിൽ തൽക്കാലം ജാഥയുണ്ടാവില്ല.