chief

കിളിമാനൂർ: ഒറ്റപ്പെട്ട ആൾക്കാരെ ചൂണ്ടിക്കാട്ടി സംവരണം ഇല്ലാതാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും പിന്നാക്ക സമുദായങ്ങൾ പൂർണമായും സാമ്പത്തിക സ്വയം പര്യാപ്‌തത കൈവരിക്കും വരെ സംവരണം തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പട്ടിക ജാതി - പട്ടിക വർഗ വികസന കോർപറേഷൻ നവീന വായ്പാ പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം സമൂഹം മനസിലാക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീകളെ പിന്നോട്ടു കൊണ്ടുപോകാനും നവോത്ഥാന മൂല്യങ്ങളെ ഇല്ലാതാക്കാനും സ്ത്രീക്ക് പുരുഷന് തുല്യമായ പ്രാധാന്യം നൽകാതിരിക്കാനുമാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനായി. വിജയകരമായി കോർപറേഷൻ വായ്പ പദ്ധതികൾ വിനിയോഗിച്ച ഗുണഭോക്താക്കളെ ആദരിച്ചു. പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ ബി. രാഘവൻ സ്വാഗതം പറഞ്ഞു. പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എം.എ. നാസർ പദ്ധതി വിശദീകരണം ചെയ്തു. ബി. സത്യൻ എം.എൽ.എ, പട്ടിക ജാതി വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, ജില്ലാ പഞ്ചായത്ത് മെമ്പർ ഡി. സ്മിത, വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, പട്ടികജാതി വികസന കോർപ്പറേഷൻ ഡയറക്ടർ ആർ.എസ്. അനിൽ, പട്ടികജാതി വികസന കോർപറേഷൻ ഡയറക്ടർ കെ. കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യഹിയ, വാർഡ് മെമ്പർ വി.ജി. പോറ്റി എന്നിവർ പങ്കെടുത്തു.