stephen-constantine
stephen constantine

2015 ൽ സ്റ്റീഫൻ കോൺസ്റ്റന്റൈൻ എന്ന ബ്രിട്ടീഷുകാരൻ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പരിശീലകനായി രണ്ടാംവട്ടമെത്തുമ്പോൾ ലക്ഷ്യം ഒന്നേയുണ്ടായിരുന്നുള്ളൂ. ഇന്ത്യയെ എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യരാക്കുക.

യു.എ.ഇയിൽ ഏഷ്യൻകപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇന്ത്യ പുറത്തായിരിക്കുന്നു. ഒപ്പം കോച്ച് സ്ഥാനത്തുനിന്ന് കോൺസ്റ്റന്റൈനും പടിയിറങ്ങിയിരിക്കുന്നു. ടൂർണമെന്റിൽ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാനാകാതെ ഇന്ത്യ പുറത്തായത് വലിയ ആഘാതമായി കരുതാനാകില്ല. എന്നാൽ കോൺസ്റ്റന്റെനിന്റെ പുറത്താകൽ വലിയൊരു നഷ്ടം തന്നെയാണ്. കാരണം കഴിഞ്ഞ നാലുവർഷം കൊണ്ട് ഇന്ത്യൻ ഫുട്ബാളിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുകയായിരുന്നു ഇൗ 56 കാരൻ.

പരിക്കുമൂലം 26-ാം വയസിൽ അമേരിക്കൻ ക്ളബ് ഫുട്ബാളിലെ കരിയർ അവസാനിപ്പിച്ച് കോൺസ്റ്റന്റൈൻ ആദ്യം പരിശീലകകുപ്പായമണിയുന്നത് 1999 ൽ നേപ്പാൾ ദേശീയ ടീമിനുവേണ്ടിയാണ്. 2002ൽ ഇന്ത്യൻ ടീമിന്റെ കോച്ചായി അദ്ദേഹമെത്തി. 2005 വരെ ആദ്യഘട്ടം തുടർന്ന് മലാവി, സുഡാൻ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളുടെയും ചില ക്ളബുകളുടെയും പരിശീലകനായി. 2015 ൽ ഇന്ത്യയിലേക്ക് രണ്ടാം വരവിനൊരുങ്ങുമ്പോൾ പരിശീലകനെന്നനിലയിൽ അദ്ദേഹം ആർജിച്ച അനുഭവ സമ്പത്തിന്റെ പ്രയോജനമായിരുന്നു ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ കണക്കുകൂട്ടലുകളിൽ ഉണ്ടായിരുന്നത്.

ഇന്ത്യൻ ഫുട്ബാളിന്റെ ഗ്രാഫ് ഉയർത്തിയ പരിശീലകനായിരുന്നു രണ്ടാം വരവിലെ കോൺസ്റ്റന്റൈൻ. ഫിഫറാങ്കിംഗിൽ 150-ാം സ്ഥാനത്തിന് ചുറ്റും വട്ടംകറങ്ങിയിരുന്ന ഇന്ത്യയെ 100ന് അകത്തേക്ക് കയറ്റിയ ശേഷമാണ് അദ്ദേഹം വീണ്ടും യാത്രയാകുന്നത്. റാങ്കിംഗിലെ വളർച്ചയോ ഏഷ്യൻകപ്പ് യോഗ്യതയോ മാത്രമല്ല പരിശീലകനെന്ന നിലയിൽ കോൺസ്റ്റന്റൈനിന് മാർക്കിടുമ്പോൾ പരിഗണിക്കേണ്ടത്. ക്രിക്കറ്റിന് മേൽ പരുന്തും പറക്കാത്ത ഇന്ത്യയിൽ ഫുട്ബാളിന് സ്ഥാനമുണ്ടെന്ന് വ്യക്തമാക്കിയത് കോൺസ്റ്റന്റൈനിന്റെ പ്രവർത്തനങ്ങളാണ്.

രാജ്യത്തങ്ങോളമിങ്ങോളം ഒാടിനടന്ന് യുവപ്രതിഭകളെ കണ്ടെത്താനുള്ള അസാമാന്യമായ കർമ്മശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. സുനിൽ ഛെത്രിയെപ്പോലുള്ള പരിചയ സമ്പന്നർക്കൊപ്പം മണിപ്പൂരിൽനിന്നും മിസോറാമിൽ നിന്നുമൊക്കെ യുവതാരങ്ങളെ തേടിപ്പിടിച്ച് പരീക്ഷണം നടത്തി കെട്ടുറപ്പുള്ള ഒരു സംഘത്തെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുതന്നെയാണ് സാഫ് കപ്പിലെ കിരീടനേട്ടവും ഏഷ്യൻ കപ്പ് യോഗ്യതയുമൊക്കെ ഇന്ത്യയ്ക്ക് നേടിയെടുക്കാൻ കഴിഞ്ഞതിന് കാരണം. നിശബ്ദനായ ഒരു പോരാളിയെപ്പോലെയായിരുന്നു കോൺസ്റ്റന്റൈൻ ഇന്ത്യൻ ഫുട്ബാളിന്റെ പരിമിതികളെ തിരിച്ചറിഞ്ഞ് വളരാനുള്ള വെള്ളവും വളവും അദ്ദേഹം നൽകി. കോച്ചിംഗിലെ തന്റെ ശൈലിക്ക് അനുസൃതമായി കളിക്കാരെ മാറ്റിയെടുക്കാനും കഴിഞ്ഞു. അന്താരാഷ്ട്ര സൗഹൃദമത്സരങ്ങളിൽ വമ്പൻമാരോട് പൊരുതി നിൽക്കാൻ ശേഷിയുള്ള സംഘമായി ഇന്ത്യയെ മാറ്റി.

എ.എഫ്.സി കപ്പിൽ നിന്ന് ഇന്ത്യ പ്രാഥമിക റൗണ്ടിൽത്തന്നെ പുറത്തായിരിക്കാം. പക്ഷേ ടൂർണമെന്റിൽ ഇന്ത്യൻ ടീം കാഴ്ചവച്ച പ്രകടനം ഏഷ്യയിലെ വമ്പൻ ടീമുകളെ പരിശീലിപ്പിക്കുന്ന കൊമ്പൻമാരുടെ വരെ ശ്രദ്ധയെ ആകർഷിച്ചിരുന്നു. ആദ്യമത്സരത്തിൽ തായ്ലൻഡിനെ 4-1ന് തോൽപ്പിച്ച ഇന്ത്യയ്ക്ക് യു.എ.ഇയോടും ബഹ്റിനോടും തോൽക്കേണ്ടിവന്നത് ദൗർഭാഗ്യം കൊണ്ടുമാത്രമായിരുന്നു. അവസാന മിനിട്ടിലെ പെനാൽറ്റിയിൽപ്പെട്ട് ഇന്ത്യ പുറത്താകുമ്പോൾ ഏറ്റവും നന്നായി കളിച്ച ഒരു ടീമിന്റെ ദുർവിധിയെന്ന് കരുതി സമാധാനിക്കാൻ മാത്രമേ ഇന്ത്യൻ ആരാധകർക്ക് കഴിഞ്ഞുള്ളൂ.

ഇന്ത്യൻ ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇനിയെത്തുന്ന പരിശീലകന് വേണ്ടരീതിയിൽ നിലമൊരുക്കിയിടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കോൺസ്റ്റന്റൈൻ നിറുത്തിയേടത്തുനിന്നാണ് ഇനിയെത്തുന്ന ആൾ തുടങ്ങേണ്ടത്.

പരിശീലകനെന്ന നിലയിൽ വലിയ സ്വപ്നങ്ങൾ കോൺസ്റ്റന്റൈനിനുണ്ട്. യൂറോപ്പിലെ വലിയൊരു ക്ളബിന്റെ പരിശീലകനാകാൻ അദ്ദേഹം കൊതിക്കുന്നുണ്ട്.

അത് നടക്കുകയും ചെയ്യും. പക്ഷേ കോൺസ്റ്റന്റൈനിന്റെ മൂന്നാംവരവിന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. അതുതന്നെയാണ് ഒരു പരിശീലകനെന്നനിലയിൽ അദ്ദേഹത്തിന്റെ വലിയ വിജയവും.