തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരിക്ക് എതിരെ ഭരണസമിതി അംഗങ്ങളുടെ പടപ്പുറപ്പാട്. തച്ചങ്കരി ഭരണസമിതിയെ അറിയിക്കാതെ നിർണായക തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് ആരോപണം. എം.ഡിക്കെതിരെ സർക്കാരിന് പരാതി നൽകുമെന്ന് അംഗങ്ങളായ ടി.കെ രാജൻ, സലിം.പി മാത്യു, സി.വി വർഗീസ്, സി.എം ശിവരാമൻ, മാത്യൂസ് കോലഞ്ചേരി എന്നിവർ പറഞ്ഞു.
ഭരണസമിതി യോഗത്തിന് എത്തിയ അംഗങ്ങൾ അജണ്ട മുൻകൂട്ടി ലഭിച്ചില്ലെന്ന് ആരോപിച്ച് യോഗം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. യോഗത്തിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകുകയും അജണ്ടയുടെ പകർപ്പ് അംഗങ്ങൾക്ക് നേരിട്ട് എത്തിക്കുകയുമാണ് ചെയ്യുക. എന്നാൽ ഇത്തവണ മൂന്നു ദിവസം മുമ്പാണ് നോട്ടീസ് നൽകിയതെന്നും അജണ്ട ബുധനാഴ്ച രാവിലെ മാത്രമാണ് ലഭിച്ചതെന്നും സലിം.പി മാത്യു പറഞ്ഞു. അതേസമയം, ഇ മെയിലിൽ അണ്ടയുടെ പകർപ്പ് നൽകിയിരുന്നതായാണ് എം.ഡിയുടെ ഓഫീസിന്റെ വിശദീകരണം.