മെൽബൺ : ആസ്ട്രേലിയൻ ഒാപ്പൺ ടെന്നിസിൽ മുൻനിര താരങ്ങളായ റോജർ ഫെഡറർ, മരിയ ഷറപ്പോവ, കരോളിൻ വൊസ്നിയാക്കി, ഏൻജലിക് കെർബർ, സ്ളൊവാനേ സ്റ്റീഫൻസ്, റാഫേൽ നദാൽ തുടങ്ങിയവർ മൂന്നാം റൗണ്ടിലേക്ക് കടന്നു.
ഫെഡറർ
പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ റോജർ ഫെഡറർ രണ്ടാം റൗണ്ടിൽ ബ്രിട്ടന്റെ ഡാനിയേൽ ഇവാൻസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടക്കിയത്. ക്വാളിഫിക്കേഷൻ റൗണ്ട് കടന്നെത്തിയ ഇവാൻസിനെ 7-6, 7-6, 6-3നാണ് ഫെഡറർ തോൽപ്പിച്ചത്. 2 മണിക്കൂർ 35 മിനിട്ട് നേരം പൊരുതിയാണ് ഫെഡറർ വിജയം കണ്ടത്. ആദ്യരണ്ട് സെറ്റുകളും സ്വന്തമാക്കാൻ ഫെഡറർക്ക് ടൈബ്രേക്കർ വേണ്ടിവന്നു.
വൊസ്‌നിയാക്കി
ഒരു മണിക്കൂർ ആറ് മിനിട്ട് നീണ്ട പോരാട്ടത്തിൽ സ്വീഡന്റെ ജോഹന്ന ലാർസനെ 6-1, 6-3ന് കീഴടക്കുകയായിരുന്നു മൂന്നാംസീഡായ കരോളിൻ വൊസ്നിയാക്കി.
നദാൽ
രണ്ടാം സീഡായ റാഫേൽ നദാൽ വാലിയ വെല്ലുവിളിയില്ലാതെയാണ് രണ്ടാം റൗണ്ട് കടന്നത്. ആസ്ടിേലിയയുടെ സീഡ് ചെയ്യപ്പെടാത്ത മാത്യു എബ്ഡനെ 6-3, 6-2, 6-2 എന്ന സ്കോറിനാണ് നദാൽ മടക്കി അയച്ചത്.
കെർബർ
വനിതാ വിഭാഗത്തിലെ രണ്ടാം സീഡ് ഏൻജലിക്ക് കെർബർക്കും രണ്ടാം റൗണ്ട് വെല്ലുവിളിയായില്ല. ക്വാളിഫയറായ ബ്രസീലിന്റെ ഹദ്ദാദ് മായ്‌യ 2-6, 3-6 എന്ന സ്കോറിനാണ് ജർമ്മൻകാരിക്ക് മുന്നിൽ കീഴടങ്ങിയത്.
സ്ളാെവാനേ
വനിതാവിഭാഗം അഞ്ചാം സീഡ് സ്ളൊവിനേ സ്റ്റീഫൻസ് 6-3, 6-1ന് ടീമിയ ബബോസിനെ കീഴടക്കി.
ഷറപ്പോവ
30-ാം സീഡായ മുൻ ചാമ്പ്യൻ മരിയ ഷറപ്പോവ 6-2, 6-1ന് സ്വീഡന്റെ റബേക്ക പീറ്റേഴ്സണെ കീഴടക്കി മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
സിലിച്ച്
പുരുഷ വിഭാഗത്തിലെ കഴിഞ്ഞ സീസൺ റണ്ണർ അപ്പ് മാരിൻ സിലിച്ച് രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം മക്‌ഡൊണാൾഡിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് മറികടന്നത്. സ്കോർ: 7-5, 6-7, 6-4, 6-4.
ഇന്ത്യ പുറത്ത്
പുരുഷ ഡബിൾസിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളെല്ലാം ഇന്നലെ പുറത്തായി. രോഹൻ ബൊപ്പണ്ണ- ദ്വിജ് ശരൺ സഖ്യം 1-6, 6-4, 7-6ന് സ്പെയിനിന്റെ കരേനോ ബസ്റ്റ ഗാർഷ്യലോപ്പസ് സഖ്യത്തോട് തോറ്റു. ലിയാൻഡർ പെയ്സ്-റെയസ് വരേല സഖ്യം 5-7, 6-7ന് ക്രായിസെക്ക്-സ്റ്റാൾക്ക് സഖ്യത്തോട് കീഴടങ്ങി. ജീവൻ നെടുഞ്ചേഴിയൻ-നിക്കോളാസ് മൺറോ സഖ്യത്തിനും ആദ്യ റൗണ്ടിൽ തോൽക്കേണ്ടിവന്നു. സിംഗിൾസിൽ പ്രജ്‌നേഷ് ഗുണേശ്വരൻ കഴിഞ്ഞദിവസം ആദ്യറൗണ്ടിൽ തോറ്റിരുന്നു.