human-trafficking-

കൊച്ചി: മനുഷ്യക്കടത്ത് കേസിലെ ദുരൂഹതകൾ ബാക്കിയാക്കി അനധികൃത സംഘം കടന്നത് ആസ്ട്രേലിയയിലേക്കോ അതോ മറ്റിടങ്ങളിലേക്കോ എന്നുറപ്പിക്കാനാകാതെ അന്വേഷണ സംഘം. മുനമ്പം, മാല്യങ്കര തീരങ്ങൾ വഴി കടന്ന സംഘത്തിന്റെ ലക്ഷ്യം ആഫ്രിക്കയാകാമെന്നാണ് ശ്രീലങ്കൻ അധികൃത‌ർ നൽകുന്ന സൂചന. മനുഷ്യക്കടത്ത് സംശയിക്കുന്ന ദയാമാതാ ബോട്ട് ഇന്ത്യൻ മഹാസമുദ്രത്തിന് തെക്കോട്ട് നീങ്ങിയതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് ശ്രീലങ്ക ഇന്റലിജൻസ് തമിഴ്നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ ക്യൂബ്രാഞ്ചിനെ അറിയിച്ചത്.

ആസ്‌ട്രേലിയ ലക്ഷ്യമാക്കി ബോട്ട് പോയതായി ഇന്ത്യൻ നാവികസേനയ്ക്കും തീരരക്ഷാസേനയ്ക്കും ഇതുവരെ സൂചനയില്ല. ആസ്‌ട്രേലിയയിലും ന്യൂസിലൻഡിലും തീരരക്ഷാസേനകൾ ഇപ്പോൾ കർശനനിരീക്ഷണം പുലർത്തുന്നതിനാൽ മനുഷ്യക്കടത്ത് സംഘങ്ങൾ അങ്ങോട്ടുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ടാകാമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. അതേസമയം,​ മനുഷ്യക്കടത്തിന് പിന്നിലെ സൂത്രധാരൻ എന്ന് വിലയിരുത്തപ്പെടുന്ന തമിഴ്നാട് സ്വദേശി ഇനിയും പൊലീസിന്റെ പിടിയിലായതായി വ്യക്തമായ സൂചനകളില്ല.

തമിഴ്നാട് സ്വദേശിയായ ഇയാളെ കുടുക്കാനുള്ള ഊർജിത ശ്രമത്തിലാണ് അന്വേഷണ സംഘം. നിലവിൽ തിരുവനന്തപുരം സ്വദേശി അനിൽകുമാറാണ് കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലുള്ളത്. തമിഴ്‌നാട്ടിലെ കുളച്ചൽ സ്വദേശികളായ ശ്രീകാന്തൻ, ശെൽവം എന്നിവർ ഒളിവിലാണുള്ളത്. ഇവർ എവിടെയാണ് എന്നതിനെക്കുറിച്ച് കാര്യമായ സൂചനകളില്ല. ശ്രീകാന്തനും ബോട്ടിലുണ്ടെന്നാണ് സംശയിക്കുന്നത്. യാത്ര പോകുന്നതായി ഇയാൾ വീട്ടിൽ പറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരള പൊലീസിന് പുറമെ കേന്ദ്ര അന്വേഷണ ഏജൻസികൾ,​ തമിഴ്നാട് ക്യൂബ്രാഞ്ച് എന്നിവരും അന്വേഷണം തുടരുകയാണ്. ഡൽഹിയിലടക്കം അന്വേഷണം നടത്തിയെങ്കിലും ഇവിടെ നിന്ന് ചിലർ വിദേശത്തേക്ക് പോയെന്ന വിവരം മാത്രമാണ് പൊലീസിന് ലഭിച്ചത്. ഇതര സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലേയും വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

നാവികസേനയുടെയും തീരസേനയുടെയും നേതൃത്വത്തിൽ ബോട്ടിനായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും സംഘം പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ് ഇന്ത്യയുടെ സമുദ്രാതിർത്തി. അതിനപ്പുറം അന്താരാഷ്ട്ര കപ്പൽച്ചാലാണ്. കഴിഞ്ഞ ശനിയാഴ്ച പുറപ്പെട്ടെന്ന് കരുതുന്ന ബോട്ട് ഈ കപ്പൽച്ചാലിൽ എത്തിക്കാണും. അങ്ങനെയെങ്കിൽ ബോട്ട് പിടികൂടാൻ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടി വരും.