കണ്ണൂർ: ജില്ലയിൽ നിന്ന് ഐസിസിലേക്ക് ആളുകളെ കൂടുതലായി എത്തിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ ഊർജ്ജിതമാക്കി. കണ്ണൂരിൽ നിന്ന് ഐസിസിൽ ചേരാനായി നാടുവിട്ട അഴീക്കോട് പൂതപ്പാറ സ്വദേശി കണ്ണൂർ സിറ്റിയിൽ താമസക്കാരനായ അൻവർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ശബ്ദ സന്ദേശം ലഭിച്ചിരുന്നു. ഇതോടെ യുവാക്കളും, കുടുംബങ്ങളും കൂട്ടത്തോടെ ഐസിസിൽ ചേരാൻ പോകുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു.
ജില്ലയിൽ ചില പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ചില സംഘടനകളുടെ നേതാക്കൾക്ക് ഇത്തരം തിരോധാനത്തിൽ ബന്ധമുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം. എന്നാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞാൽ മാത്രമേ ഇവരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഇവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടാതെ ചില ഉന്നത വ്യാപാരികൾക്കും ഇത്തരം സംഘങ്ങളും വ്യക്തികളുമായി നല്ല ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചതായി പറയുന്നു. തീവ്രവാദ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് കേസ് നടത്താൻ ലക്ഷങ്ങൾ നൽകിയ ഒരു വ്യാപാരിയുടെ നടപടി നേരത്തെ ചർച്ചയായതാണ്. ഇയാളുമായി അടുത്ത് ബന്ധമുള്ള ആളുകൾ വിദേശത്ത് പിടിയിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തിരുന്നു. കണ്ണൂർ സ്വദേശിക്ക് ലഭിച്ച ശബ്ദസന്ദേശത്തിലാണ് കുടുംബത്തോടെ ഐസിസിൽ ചേർന്ന യുവാവ് മരണപ്പെട്ട വാർത്ത എത്തിയത്. ഐസിസിൽ ചേരാൻ കണ്ണൂർ ജില്ലയിൽ നിന്ന് പോയവരിൽ ചിലർ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. സമാനമായി കാസർകോട് ജില്ലയിൽനിന്ന് പോയവരും കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ നവംബർ 20ന് കണ്ണൂരിൽ നിന്ന് പത്തു പേർ ഐസിസിൽ ചേരാൻ നാടുവിട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അൻവർ ,ഭാര്യ അഫ്സീല, മൂന്നു മക്കൾ, പൂതപ്പാറയിലെ കെ. സജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കൾ, സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവരാണ് നാടുവിട്ടതെന്നാണ് വിവരം. മൈസൂരിലേക്കെന്ന് പറഞ്ഞാണ് ഇവർ വീടു വിട്ടിറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഐസിസിൽ ചേരാൻ പോയതെന്ന് വ്യക്തമായത്. അൻവറിന്റെ ഭാര്യ അഫ്സീല ഒരു നവമാദ്ധ്യമം വഴി നടത്തിയ ചാറ്റിംഗിന്റെ വിവരം പുറത്ത് വന്നതാണ് കൊല്ലപ്പെട്ട വാർത്ത പുറത്തറിയാൻ ഇടയായത്.
കണ്ണൂർ പാപ്പിനിശേരിയിൽ നിന്ന് പോയി ഐസിസിൽ ചേർന്ന് സിറിയയിൽ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരിയാണ് അൻവറിന്റെ ഭാര്യ അഫ്സീല. കണ്ണൂരിൽ നിന്ന് നേരത്തെ ഐസിസിൽ ചേരാൻ പോയ 13 കുട്ടികൾ ഉൾപ്പടെ 35 പേരിൽ അഞ്ചു പേരെ തുർക്കി പൊലീസ് പിടികൂടി തിരിച്ചയച്ചിരുന്നു.