road

കിളിമാനൂർ: പൊലീസ് സ്റ്റേഷൻ - മൊട്ടക്കുഴി റോഡിലൂടെയുള്ള യാത്രക്കാരുടെ ദുരിത സഞ്ചാരത്തിന് ഒടുവിൽ പരിഹാരമാകുന്നു. സ്തംഭനാവസ്ഥയിലായിരുന്ന മൊട്ടക്കുഴി റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഒരു വർഷം മുമ്പാണ് പൊതുമരാമത്ത് വകുപ്പ് 3.6 കോടി ചിലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ റോഡ് പുനർ നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചത്. എന്നാൽ റോഡു പണി പണി ഇഴഞ്ഞ് നീങ്ങുന്നതിനാൽ ഈ റോഡിലൂടെയുള്ള സഞ്ചാരം യാത്രക്കാർക്ക് ദുരിതമാണ് സമ്മാനിച്ചിരുന്നത്. ഇത് ചൂണ്ടി കാട്ടി കേരള കൗമുദി നവംബർ 21ന് ' യാത്രക്കാരെ വെട്ടിലാക്കി മൊട്ടക്കുഴി റോഡ് ' എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. തുടർന്ന് ബി. സത്യൻ എം.എൽ.എ ഇടപെട്ട് റോഡിന്റെ നിർമ്മാണ പ്രവർത്തനം വേഗത്തിൽ ആക്കുകയായിരുന്നു. നിലവിൽ ഉണ്ടായിരുന്ന റോഡിന്റെ വളവുകൾ നികത്തിയും വീതി കൂട്ടിയുമാണ് പുനർ നിർമ്മാണം പൂർത്തിയാക്കുന്നത്.

സംസ്ഥാന പാതയിൽ നിന്ന് മൊട്ടക്കുഴി വഴി കല്ലറയിലേക്കും തൊളിക്കുഴിയിലേക്കും ഉള്ള എളുപ്പമാർഗമാണ് ഈ റോഡ്. വാഹന തിരക്ക് കാരണം ടാർ ഇളകി കുണ്ടും കുഴിയും ആയതോടെയാണ് ബി. സത്യൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന് തയ്യാറായത്. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി പണി ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ചാരുപാറയിൽ ഒരു കലിംഗ് നിർമ്മിക്കുന്നതിലും, റോഡരികിൽ സംരക്ഷണ തൂണുകൾ സ്ഥാപിക്കുന്നതിലും പണി ഒതുങ്ങുകയായിരുന്നു. മെറ്റലുകൾ ഇളകിയതോടെ ഇതു വഴി കാൽനടയാത്ര പോലും ദുസസഹമായി മാറിയിരുന്നു. മെറ്റലിൽ കയറി ഇരുചക്രവാഹനക്കാർ ദിനംപ്രതി അപകടത്തിൽ പെടുന്നതും പതിവ് കാഴ്ചയായിരുന്നു. റോഡിന്റെ ദുരവസ്ഥ കാരണം അത്യാവശ്യ ഘട്ടങ്ങളിൽ ഓട്ടോയും, ടാക്സിയും സവാരിക്ക് തയ്യാറാകാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയരുന്ന പൊടി നാട്ടുകാരുടെ ആരോഗ്യത്തെയും ബാധിച്ചിരുന്നു.