സർക്കാർ എടുക്കുന്ന ചില തീരുമാനങ്ങൾ അപഹാസ്യവും വിവാദപരവുമാകുന്നത് അതിൽ പ്രകടമാകുന്ന അശ്ളീലമെന്നു പറയാവുന്ന വൈചിത്ര്യം കൊണ്ടാണ്. രാജപദവിയിൽ കഴിയുന്ന ഉദ്യോഗസ്ഥ പ്രമാണിമാർക്കുള്ള ആനുകൂല്യങ്ങൾ ഒരു ലോപവുമില്ലാതെ വർദ്ധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഇൗ ഗണത്തിൽപ്പെടുന്നതാണ്. മാസം ഒന്നും രണ്ടും രണ്ടരയും ലക്ഷം രൂപ ശമ്പളവും മറ്റു നിരവധി ആനുകൂല്യങ്ങളും കൈപ്പറ്റുന്ന സിവിൽ സർവീസുകാരുടെ മടിശീല വീണ്ടും കനപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
2017 ജൂലായ് മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ഇതെന്നുകൂടി അറിയുമ്പോഴാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന സാധാരണക്കാർ കണ്ണുതള്ളി മിഴിച്ചിരുന്നുപോകുന്നത്. സംസ്ഥാനത്തെ മുച്ചൂടും തകർത്ത മഹാപ്രളയത്തിൽനിന്ന് കരകയറാൻ നാനാവിധത്തിലും ചെലവു ചുരുക്കാനുള്ള ആഹ്വാനം ഒരുവശത്ത് നടക്കുമ്പോഴാണ് ജനത്തെ അമ്പേ പരിഹസിച്ചുകൊണ്ട് മറുവശത്ത് ഇത്തരം രണ്ടുംകെട്ട നടപടികളുണ്ടാകുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്കൂൾ കലോത്സവത്തിലെ സകല ആഡംബരങ്ങളും വേണ്ടെന്ന് വച്ചിരുന്നു. തലസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും അതുതന്നെ ഉണ്ടായി. സർക്കാർ വക പൊതുപരിപാടികൾ അനാഡംബരമായി നടത്തണമെന്ന് നിഷ്കർഷിച്ചു. അനാവശ്യച്ചെലവുകളെല്ലാം ഉപേക്ഷിച്ചു. സഹായധന വിതരണത്തിൽപ്പോലും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അങ്ങനെ ആകാവുന്നത്ര ചെലവുകൾ കുറയ്ക്കാനുള്ള തീവ്രയജ്ഞം ഇപ്പോഴും തുടരുമ്പോഴാണ് ഉദ്യോഗസ്ഥ മേധാവികൾക്ക് മുൻപിൻ നോക്കാതെ ആനുകൂല്യങ്ങളുടെ ഇൗ പെരുമഴ. യാത്രാ അലവൻസ് പറ്റാൻ ബിൽപോലും ഹാജരാക്കേണ്ട. പദവി അനുസരിച്ച് 3000 രൂപ മുതൽ 12000 രൂപവരെ എഴുതിയെടുക്കാം. വീടുകളിൽ ഒാഫീസ് അറ്റൻഡറുടെ സേവനത്തിന് അലവൻസായി 3000 രൂപയാണ് നൽകിക്കൊണ്ടിരുന്നത്. ഇനിമുതൽ പരിധിയില്ലാതെ അലവൻസ് അനുവദിക്കും. സ്വകാര്യ യാത്രകൾക്കും പരിധിയില്ലാതെ ഇന്ധനം വാങ്ങി നിറയ്ക്കാം. ആരും ചോദിക്കില്ല. ഒാഫീസ് വാഹനം യഥേഷ്ടം ഉപയോഗിക്കാവുന്നതിനു പുറമേയാണ് ഇൗ ആനുകൂല്യം. വീട്ടിലെ സുരക്ഷാജോലിക്ക് നിയമിക്കുന്നവർക്കും വേതനം പൊതുഖജനാവിൽ നിന്നുതന്നെ. ഇതിനെക്കാളൊക്കെ അല്പത്തരമായി തോന്നുന്നത് ഉദ്യോഗസ്ഥ പ്രമാണിമാർ സ്വന്തം വീടുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിനും വൈദ്യുതിക്കും വരെ ഖജനാവിൽ നിന്ന് പണം നൽകുന്ന വ്യവസ്ഥയാണ്. രണ്ടുകൈ നിറയെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാർ വെള്ളക്കരവും വൈദ്യുതിചാർജും സ്വന്തം നിലയിൽ അടയ്ക്കാൻ ത്രാണിയില്ലാത്തവരായതു കൊണ്ടല്ല ഇത്തരം നാണംകെട്ട ഏർപ്പാട്. ബ്രിട്ടീഷുകാരുടെ കാലംതൊട്ടേ പിന്തുടർന്നു പോരുന്ന ഉദ്യോഗസ്ഥ മേധാവിത്വവുമായി ബന്ധപ്പെട്ട രീതികളാണിതെല്ലാം. തങ്ങളുടെ ശമ്പളവും അലവൻസുകളും നിശ്ചയിക്കുന്നതും നടപ്പാക്കുന്നതും ഇവർ തന്നെയായതിനാൽ എപ്പോഴും ഇൗ വക കാര്യങ്ങളിൽ അവരുടേതുതന്നെയാകും അവസാന വാക്ക്.
ഏഴാം ശമ്പളകമ്മിഷൻ ശുപാർശ പ്രകാരമാണ് ഉദ്യോഗസ്ഥ മേധാവികളുടെ അലവൻസുകളിൽ ഇൗ വർദ്ധനയെല്ലാം വരുത്തിയിട്ടുള്ളത്. ശമ്പളകമ്മിഷന്റെ ഘടന അറിയാവുന്നവർക്ക് ഇതിൽ അതിശയമുണ്ടാകേണ്ട കാര്യമില്ല. ഉയർന്ന പദവിയിലിരിക്കുന്നവരോ മുൻപ് അത്തരം പദവികളിലിരുന്നവരോ അടങ്ങുന്ന സമിതിയാവുമല്ലോ ശുപാർശ വയ്ക്കുന്നത്. ഉദ്യോഗസ്ഥരെ പിണക്കാൻ ഒരു സർക്കാരിനും താത്പര്യം കാണില്ല. ശമ്പള കമ്മിഷൻ ശുപാർശ വലിയ മാറ്റങ്ങൾ കൂടാതെ നടപ്പാക്കുന്നതാണ് പൊതുവേയുള്ള സമീപനം. ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ നടപ്പാക്കാൻ കാണിക്കുന്ന ധൃതിയും ആവേശവും ശമ്പളകമ്മിഷൻ റിപ്പോർട്ടിലെ ഇതര ശുപാർശകളുടെ കാര്യത്തിൽ കാണാറേയില്ല. ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട അനവധി വിലപ്പെട്ട നിർദ്ദേശങ്ങൾകൂടി അടങ്ങുന്നതാണ് ഒാരോ ശമ്പള കമ്മിഷൻ റിപ്പോർട്ടും. ഇന്നേവരെ ഒരു സർക്കാരും ആ ശുപാർശകളോട് നീതി കാണിച്ചിട്ടില്ല. ശമ്പളവും പെൻഷനും നൽകിക്കഴിഞ്ഞാൽ വികസന പ്രവർത്തനങ്ങൾക്കായി മുടക്കാൻ വകയൊന്നുമില്ലെന്ന് വിലപിക്കാറുള്ള സർക്കാർ ദുർവ്യയങ്ങളായി ഖജനാവിൽ നിന്നുചോരുന്ന പണത്തെക്കുറിച്ചും ചിന്തിക്കണം. എല്ലാത്തരം ചെലവുകളും കുറയ്ക്കണമെന്നും പാവപ്പെട്ടവർ പോലും മുണ്ട് കൂടുതൽ മുറുക്കി ഉടുക്കണമെന്നും ആഹ്വാനം ചെയ്യുന്നവർ എന്തുകൊണ്ടാണ് സർക്കാർ-ഉദ്യോഗസ്ഥ തലപ്പത്ത് ഒരു മറയുമില്ലാതെ അഴിഞ്ഞാടുന്ന ധാരാളിത്തത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഉദ്യോഗസ്ഥ മേധാവികൾക്ക് മുൻകാല പ്രാബല്യത്തോടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചതുകൊണ്ട് ഖജനാവ് ശോഷിക്കാനൊന്നും പോകുന്നില്ലെന്ന വാദം ഉയർന്നേക്കാം. ഏതാനും കോടികളേ ഇതിനായി വേണ്ടിവരികയുള്ളൂ എന്നും സാധൂകരിച്ചേക്കാം. എന്നാൽ ഇത്തരം വിഷയങ്ങളിൽ ധാർമ്മികതയുടെ ഒരു പ്രശ്നംകൂടിയുണ്ടെന്നുള്ള കാര്യം മറക്കരുത്. ഒരുവിധ അല്ലലും കൂടാതെ സുഖസമൃദ്ധിയോടെ കഴിയുന്ന ഒരു വിഭാഗത്തിന് അമിതമായി ആനുകൂല്യങ്ങൾ അനുവദിക്കുമ്പോൾ തൊട്ടുതാഴെ അഷ്ടിക്ക് വകയില്ലാത്തവരും ധാരാളമായി ഉണ്ടെന്ന് ഒാർക്കണം. അല്ലെങ്കിൽത്തന്നെ അഞ്ചാണ്ടുകൂടുമ്പോഴുള്ള ശമ്പള പരിഷ്കരണം സംസ്ഥാനത്തിന് കനത്ത ഭാരമാണ് വരുത്തിവയ്ക്കുന്നത്. അതിന്റെ കൂടെയാണ് വിവേചനരഹിതമായ ഇൗ ആനുകൂല്യ വർദ്ധന. താനും തന്റെ കുടുംബാംഗങ്ങളും നിത്യേന ഉപയോഗിക്കുന്ന വെള്ളത്തിനുവരെ ജനങ്ങളുടെ നികുതിപ്പണം എടുത്തുപയോഗിക്കുന്നതിലെ നാണക്കേട് ഇൗ സൗജന്യം അനുഭവിക്കുന്നവരെങ്കിലും തിരിച്ചറിയുന്നില്ലെന്നതാണ് ഏറെ ദൗർഭാഗ്യകരം.